അയോധ്യ കേസ്​; വാദം കേള്‍ക്കല്‍ ഇന്ന്​ തുടങ്ങും


ന്യൂഡല്‍ഹി: അയോധ്യയിലെ ബാബ്​റി മസ്​ജിദ്​ തര്‍ക്കഭൂമി സംബന്ധിച്ച ​കേസിൽ ഇന്ന്​ മുതല്‍ സുപ്രീംകോടതി ദിവസേന വാദം കേള്‍ക്കല്‍ തുടങ്ങും. അഞ്ചംഗ ബെഞ്ചാണ്​ വാദം കേള്‍ക്കുക.

ചീഫ്​ ജസ്​റ്റിസ്​ അധ്യക്ഷനായ ബെഞ്ച്​ മധ്യസ്ഥരെ നിയോഗിച്ച്‌​ കേസ്​ കോടതിക്ക്​ പുറത്ത്​ ഒത്തുതീര്‍ക്കുന്നതിനായി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നാലര മാസത്തോളം ഹിന്ദു-മുസ്​ലിം ആത്മീയാചാര്യന്‍മാരുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. വിവിധ രാഷ്​ട്രീയ കക്ഷികള്‍ ഇടപെട്ട പ്രശ്​നത്തില്‍ ഒരു കരാറിലെത്തിച്ചേരല്‍ സാധ്യമായില്ലെന്ന് കാണിച്ച്‌​​ ഒത്തുതീര്‍പ്പിന്​ ശ്രമം നടത്തിയ മൂന്നംഗ പാനല്‍ വ്യാഴാഴ്​ച സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട്​ സമര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ്​ കോടതി വാദം കേള്‍ക്കലിലേക്ക്​ നീങ്ങാമെന്ന്​ തീരുമാനിക്കുന്നത്​.

2010 മുതല്‍ അയോധ്യ കേസ്​ സുപ്രീംകോടതിയുടെ മുമ്പാകെയുണ്ട്​. ഹിന്ദുക്കള്‍ക്കും മുസ്​ലിംകള്‍ക്കും നിര്‍മോഹി അഖാരകള്‍ക്കുമായി തര്‍ക്കഭൂമി മൂന്നായി വീതം വെക്കാമെന്ന അലഹബാദ്​ ഹൈകോടതി വിധിക്കെതിരെ ഹിന്ദു, മുസ്​ലിം സംഘടനകള്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ലല്ല വിരാജ്​മാന്‍, നിര്‍മോഹി അഖാര, സുന്നി വഖഫ്​ ബോര്‍ഡ്​ എന്നിവരും മറ്റ്​ നാല്​ കക്ഷികളുമടക്കം സമര്‍പ്പിച്ച 14 അപ്പീലുകളില്‍ കോടതി ഇന്ന്​ വാദം കേള്‍ക്കും.