കെ എസ് ആര്‍ ടി സി കണ്ടക്ടറെ മുഖംമൂടി സംഘം ലോഡ്ജില്‍ കയറി അക്രമിച്ചു


കാസര്‍കോട് : കെ എസ് ആര്‍ ടി സി കണ്ടക്ടറെ രാത്രി ലോഡ്ജില്‍ കയറി അക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ കാസര്‍കോട് ഡിപ്പോയിലെ കണ്ടക്ടര്‍ നീലേശ്വരം ചാത്തമത്തെ കെ മനോജിനെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെ ഉറക്കത്തില്‍ നിന്നു വിളിച്ചുണര്‍ത്തിയാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം മാരകമായി മര്‍ദിച്ചത്. രാത്രി ഡ്യൂട്ടി കഴിഞ്ഞ് നഗരത്തിലെ ലോഡ്ജില്‍ താമസിക്കുകയായിരുന്നു മനോജ്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ ജോലി കഴിഞ്ഞ് ഇവിടെയാണ് താമസിക്കാറുള്ളത്. രാത്രി 2 ന് വാതിലില്‍ മുട്ടി വിളിക്കുന്നത് കേട്ട് ഉണര്‍ന്നപ്പോഴാണ് ബോധരഹിതനായി വീണുകിടന്ന മനോജിനെ കണ്ടത്. തുടര്‍ന്നു കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തലയിലെ മുറിവ് സാരമായതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ടൗണ്‍ പോലീസില്‍ പരാതി നല്‍കി.