അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു


ന്യൂഡല്‍ഹി: ശ്വാസതടസത്തെ തുടര്‍ന്ന് ഈ മാസം 9ന് ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ച മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ അരുണ്‍ ജെയ്‌റ്റ്‌ലി (67) അന്തരിച്ചു. ആദ്യം ചികിത്സകളോട് പ്രതികരിച്ചെങ്കിലും പിന്നീട് ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ മരണം വിവരം അല്‍പ്പനേരം മുമ്പാണ് പുറത്തുവിട്ടത്. ഏറെക്കാലം രാഷ്ട്രീയത്തില്‍ സജീവ സാന്നിധ്യമായിരുന്നു ജെയ്‌റ്റ്‌ലി. അനാരോഗ്യത്തെ തുടര്‍ന്നാണ് രണ്ടാം മോദി സര്‍ക്കാരില്‍ നിന്നും മാറിനിന്നത്.

വിദ്യാര്‍ത്ഥി രാഷ്ട്രീയം മുതല്‍ തന്നെ സംഘരാഷ്ട്രീയത്തോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നു ജെയ്‌റ്റ്‌ലി ഡല്‍ഹി സര്‍വകലാശാലയില്‍ പഠിക്കുന്നതിനിടെ എ.ബി.വി.പിയിലൂടെയാണ് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. ഒരു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ആകണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും നിയമപഠനത്തിന് ശേഷം അഭിഭാഷകനായാണ് അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. സുപ്രീം കോടതിയിലും വിവിധ ഹൈക്കോടതികളിലും അഭിഭാഷകനായി അദ്ദേഹം സേവനം അനുഷ്‌ടിച്ചു. അടിയന്തരാവസ്ഥാകാലത്ത് 19 മാസത്തോളം തടവുശിക്ഷ അനുഭവിച്ചു. 1989ല്‍ വി.പി സിംഗിന്റെ മന്ത്രിസഭയുടെ കാലത്ത് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആയിരുന്നു. 1991മുതല്‍ ബി.ജെ.പിയുടെ ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്നു. വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ കേന്ദ്രമന്ത്രിസഭയില്‍ അംഗമായിരുന്നു.

2014ല്‍ പഞ്ചാബില്‍ നിന്നും മത്സരിച്ചെങ്കിലും അമൃത്‌സറില്‍ കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിംഗിനോട് പരാജയപ്പെട്ടു. ആദ്യ മോദിസര്‍ക്കാരില്‍ പ്രതിരോധം, ധനകാര്യം തുടങ്ങിയ വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് പദവിയുള്ള മന്ത്രിയായി ചുമതലയേറ്റു. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ രണ്ട് സാമ്ബത്തിക പരിഷ്‌ക്കാരങ്ങള്‍, നോട്ടുനിരോധനവും, ചരക്ക് സേവന നികുതിയും, നടപ്പിലാക്കിയത് ജെയ്‌റ്റ്‌ലിയുടെ കാലത്താണ്. വിവിധ വിഷയങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്ബോള്‍ ശക്തമായ പ്രതിരോധവുമായി സര്‍ക്കാരിന്റെ രക്ഷയ്‌ക്കെത്തുന്ന ജെയ്‌റ്റ്‌ലി വീണ്ടും മന്ത്രിയാകണമെന്ന ആവശ്യം ഉയര്‍ന്നിരുന്നുവെങ്കിലും അനാരോഗ്യത്തെ തുടര്‍ന്ന് അദ്ദേഹം വിട്ടുനില്‍ക്കുകയായിരുന്നു.