തകർന്ന ദേശീയപാത; രോഗികളെയും കൊണ്ട് കുതിക്കുമ്പോൾ നെഞ്ച് പിടയ്ക്കുന്നു... ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ


കുമ്പള: 'ആമ്പുലൻസിന്റെ ചക്രങ്ങൾ റോഡിലെ കുഴികളിൽ വീഴുമ്പോൾ പിന്നിൽ നിന്നും മുഴങ്ങുന്ന ക്യാൻസർ രോഗികളുടെ നിലവിളി ഹൃദയം പിളർക്കുന്നു' പറയുന്നത് ആമ്പുലൻസ് ഓണേഴ്സ് ആൻറ് ഡ്രൈവേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡന്റ് മുനീർ ചെംനാട്. കുമ്പളയിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാസർകോട് മുതൽ തലപ്പാടി വരെയുള്ള റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാൻ അധികൃതർ തയ്യാറാവണമെന്നും നിലവിലുള്ള റോഡിലൂടെ ആമ്പുലൻസിൽ രോഗികളെ കൊണ്ടു പോകുന്നത് അവരെ അറിഞ്ഞു കൊണ്ട് കൊല്ലലാണെന്നും അദ്ദേഹം പറഞ്ഞു. അടിയന്തിര ചികിത്സയ്ക്കായി കേരളത്തിൽ നിന്നും മംഗളൂരു ആശുപത്രികളിലേക്ക് അയക്കുന്ന രോഗികളെയും വഹിച്ച് കാസർകോട്ട് നിന്നും മംഗളൂരുവിലെത്താൻ ഒന്നര മുതൽ രണ്ടു മണിക്കൂർ വരെ റോഡിൽ ചെലവഴിക്കേണ്ടി വരുന്നു.

കൂടാതെ തലപ്പാടി ടോൾ ബൂത്തിൽ ആമ്പുലൻസുകളെ ഫാസ്റ്റ് ട്രാക്കിലൂടെ കടത്തിവിടാതെ ബുദ്ധിമുട്ടിക്കുന്നതായും ഭാരവാഹികൾ ആരോപിച്ചു. മണൽ ലോറികൾക്കും തലപ്പാടി മംഗളൂരു റൂട്ടിലോടുന്ന സ്വകാര്യ ബസുകൾക്കുമാണ് നിലവിൽ ഫാസ്റ്റ് ട്രാക്കിന്റെ പ്രയോജനം ലഭ്യമാകുന്നത്.
ആമ്പുലൻസ് കടന്നു പോകുമ്പോൾ തടഞ്ഞു നിർത്താൻ ഗേറ്റിട്ടപ്പോൾ അത് വാഹനത്തിന്റെ ഗ്ലാസിൽ പതിച്ച് ഒന്നിലധികം തവണ ഗ്ലാസ് പൊട്ടിയ സംഭവങ്ങളും ഉണ്ടായതായി ഭാരവാഹികൾ പറഞ്ഞു. 

അസോസിയേഷൻ ജില്ലയിൽ റോഡപകടത്തിൽ പെടുന്നവരെയും മറ്റും ആശുപത്രികളിലെത്തിക്കുന്നതിന് അടിയന്തര ആവശ്യങ്ങൾക്കായി അമ്പത്തിയാറ് ആമ്പുലൻസുകൾ ഒരുക്കി വച്ചിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളിൽ സൗജന്യ സേവനങ്ങൾക്ക് 7593822 114 എന്ന മൊബൈൽ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

പ്രളയബാധിതർക്ക് നൽകാനായി അഞ്ചുലക്ഷം രൂപയുടെ സാധനങ്ങളുമായി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച ഒരു ടീം വയനാട്ടിലേക്ക് പുറപ്പെടുന്നു. ഈ ഉദ്യമവുമത്തിന് മുഴുവൻ ആളുകളുടെയും സഹായ സഹകരണങ്ങൾ ഭാരവാഹികൾ അഭ്യർത്ഥിച്ചു.

അദ്നാൻ, രിയാസ് ഉപ്പള, രാജേഷ് ഉപ്പള, ശാഫി ഡി എം എന്നിവരും വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.