കര്‍ണാടക മുഖ്യമന്ത്രിയായി യെദിയൂരപ്പ ചുമതലയേറ്റു




ബെംഗളൂരു : കര്‍ണാടക മുഖ്യമന്ത്രിയായി ബി.എസ്.യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. വൈകിട്ട് 6.30നാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. കോണ്‍ഗ്രസും ജെ.ഡി.എസും സത്യപ്രതിജ്ഞാചടങ്ങ് ബഹിഷ്കരിച്ചു. ഇന്ന് രാവിലെ 10 ന് രാജ്ഭവനിലെത്തി യെദ്യൂരപ്പ ഗവര്‍ണര്‍ വാജുഭായി വാലയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ന് തന്നെ സത്യപ്രതിജ്ഞ നടക്കുമെന്ന കാര്യം യെദ്യൂരപ്പ അറിയിച്ചിരുന്നു.

സത്യപ്രതിജ്ഞയ്ക്ക് ബി.ജെ.പി കേന്ദ്ര നേതൃത്വം അനുമതി നല്‍കിയതായും യെദ്യൂരപ്പ മാദ്ധ്യമങ്ങളോട് പറഞ്ഞു.

പതിനെട്ട് ദിവസം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് എച്ച്‌.ഡി. കുമാരസ്വാമി മന്ത്രിസഭ പരാജയം സമ്മതിച്ചത്. തിങ്കളാഴ്ച വിശ്വാസവോട്ടില്‍ പരാജയപ്പെട്ട് സര്‍ക്കാര്‍ രാജിവച്ചതിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശ വാദവുമായി ബി.ജെ.പി രംഗത്തെത്തിയിരുന്നു.

ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച ഒരു സ്വതന്ത്ര എം.എല്‍.എയെയും രണ്ട് കോണ്‍ഗ്രസ് വിമത എം.എല്‍.എമാരെയും കഴിഞ്ഞ ദിവസം സ്പീക്കര്‍ കെ.ആര്‍.രമേഷ് കുമാര്‍ അയോഗ്യരാക്കിയിരുന്നു. സ്വതന്ത്ര എം.എല്‍.എ ആര്‍.ശങ്കര്‍(കെ.പി.ജെ.പി), കോണ്‍ഗ്രസ് എം.എല്‍.എമാരായ രമേഷ് ജാര്‍ക്കിഹോളി, മഹേഷ് കുമത്തല്ലി എന്നിവരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്. മറ്റുള്ള എം.എല്‍.എമാരുടെ കാര്യത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമാകുമെന്നും സ്‌പീ‌ക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാജിവച്ച പതിനഞ്ച് എം.എല്‍.എമാര്‍ക്കെതിരെ കോണ്‍ഗ്രസും ജെ.ഡി.എസും അയോഗ്യതയ്ക്ക് ശുപാര്‍ശ നല്‍കിയിരുന്നു.