യെദ്യൂരപ്പ വൈകിട്ട് ആറ് മണിക്ക് സത്യപ്രതിജ്ഞ ചെയ്യും; രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി


ബെംഗളൂരു: കര്‍ണാടകയില്‍ ബിജെപി സര്‍ക്കാരുണ്ടാക്കുമോ അതോ രാഷ്ട്രപതി ഭരണമോ ഇടക്കാല തിരഞ്ഞെടുപ്പോ തുടങ്ങിയ ആശയക്കുഴപ്പങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് മുഖ്യമന്ത്രിയായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.എസ് യെദ്യൂരപ്പ ഇന്ന് വൈകിട്ട് ആറ് മണിക്ക് സത്യപ്രതിജ്ഞ ചെയ്യും
 
കുമാരസ്വാമി സര്‍ക്കാരിനെ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെടുത്തിയതിന് പിന്നാലെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്താന്‍ ജഗദീഷ് ഷെട്ടാറുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ നേതാക്കള്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയിരുന്നു.

ഇന്ന് 12.30-ന് സത്യപ്രതിജ്ഞ വേണമെന്നാണ് യെദ്യൂരപ്പ ഗവര്‍ണര്‍ വാജുഭായ് വാലെയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ വൈകീട്ട് ആറ് മണിക്കാണ് ഗവര്‍ണര്‍ അനുമതി നല്‍കിയത്.. താന്‍ നിലവില്‍ പ്രതിപക്ഷ നേതാവാണ്. അത് കൊണ്ട് തന്നെ നിയമസഭാ പാര്‍ട്ടി യോഗം വിളിച്ച്‌ ചേര്‍ക്കേണ്ട ആവശ്യമില്ലെന്നും യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു.

വിമതരില്‍ മൂന്ന് പേരെ വ്യാഴാഴ്ച സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാര്‍ അയോഗ്യരാക്കിയിരുന്നു. കോണ്‍ഗ്രസിന്റെ രമേശ് ജാര്‍ക്കിഹോളി, മഹേഷ് കുമത്തഹള്ളി എന്നിവരേയും സ്വതന്ത്രന്‍ എന്ന് അവകാശപ്പെട്ടിരുന്ന ആര്‍.ശങ്കറിനേയുമാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്. മറ്റുള്ളവരുടെ കാര്യത്തില്‍ നടപടികള്‍ പുരോഗമിച്ച്‌ കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചിരുന്നു.