കഫേ കോഫിഡേ സ്ഥാപകൻ വിജി സിദ്ധാർഥ ആത്മഹത്യ ചെയ്തെന്ന് നിഗമനം


ബംഗളുരു: ക​ഫേ കോഫി ഡേ ശൃംഖലയുടെ സ്ഥാപകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്​.എം. കൃഷ്​ണയുടെ മരുമകനുമായ വി.ജി സിദ്ധാര്‍ഥ ആത്മഹത്യ ചെയ്തെന്ന് നിഗമനം. മംഗളൂരുവിന് സമീപം നേത്രാവതി നദിയിലേക്ക് സിദ്ധാര്‍ഥ ചാടിയതാകാമെന്നാണ് പൊലീസ് നിഗമനം. തിങ്കളാഴ്ച രാത്രി ഉള്ളാളില്‍ നിന്ന് മംഗളൂരുവിലേക്കുള്ള യാത്രയില്‍ ആത്മഹത്യ ചെയ്യാനായി സിദ്ധാര്‍ഥ പാലത്തില്‍ നിന്ന് നദിയിലേക്ക് ചാടിയതാകാമെന്ന് മംഗളൂരു പൊലീസ് കമീഷണര്‍ സന്ദീപ് പാട്ടീല്‍ മാധ്യമങ്ങളെ അറിയിച്ചു.

നദിയുടെ വിവിധ ഭാഗങ്ങളില്‍ പൊലീസ്, കോസ്റ്റ് ഗാര്‍ഡ്, മുങ്ങല്‍ വിദഗ്ധര്‍, മത്സ്യത്തൊഴിലാളികള്‍ അടക്കം 200ഒാളം പേര്‍ തിരച്ചില്‍ നടത്തുന്നുണ്ട്. സിദ്ധാര്‍ഥ ആത്മഹത്യ ചെയ്തതാകാമെന്ന് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമീഷണര്‍ ശശികാന്ത് ശെന്തിലും പറയുന്നത്. സിദ്ധാര്‍ഥയെ കാണാതായ സ്ഥലം ശെന്തില്‍ സന്ദര്‍ശിച്ചു.

തിങ്കളാഴ്​ച ചിക്കമംഗളുരുവിലേക്ക്​ ബിസിനസ്​ സംബന്ധമായി യാത്ര തിരിച്ച സിദ്ധാര്‍ഥ തുടര്‍ന്ന്​ കേരളത്തിലേക്കുള്ള യാത്രയിലായിരുന്നു. ഇതി​നിടെ നേത്രാവതി നദിക്കരികില്‍ വെച്ചാണ്​ സിദ്ധാര്‍ഥയെ കാണാതാവുന്നത്​. മംഗളുരുവിന്​ സമീപം ദേശീയ പാതയിലെ ജെപ്പിന മൊഗരു എന്ന സ്ഥലത്തെത്തിയപ്പോള്‍ സിദ്ധാര്‍ഥ തന്‍റെ ഡ്രൈവറോട്​ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയും വാഹനത്തില്‍ നിന്ന്​ പുറത്തിറങ്ങി പോയ സിദ്ധാര്‍ഥയെ ഏ​റെനേരം കഴിഞ്ഞിട്ടും കാണാതായതോടെ ഡ്രൈവര്‍ കുടുംബാംഗങ്ങളെ വിവരം ധരിപ്പിക്കുകയായിരുന്നു.