കര്‍ണാടകയില്‍ വിശ്വാസവോട്ട് നേടി യെദ്യൂരപ്പ; സ്പീക്കര്‍ സ്ഥാനമൊഴിഞ്ഞേക്കും


ബംഗളൂരു: കോണ്‍ഗ്രസ്- ജെ.ഡി.എസ് സര്‍ക്കാര്‍ താഴെ വീണതിന് പിന്നാലെ മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്ത ബി.എസ് യെദ്യൂരപ്പയുടെ പുതിയ ബി.ജെ.പി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി. മുഖ്യമന്ത്രി അവതരിപ്പിച്ച വിശ്വാസ പ്രമേയം ശബ്ദ വോട്ടിലൂടെയാണ് നിയമസഭ പാസാക്കിയത്. കേവലഭൂരിപക്ഷത്തിന് വേണ്ട 105 അംഗങ്ങളുടെ പിന്തുണ ബി.ജെ.പി ഉറപ്പാക്കിയതിന് പുറമെ സ്വതന്ത്രന്‍ എച്ച്‌.നാഗേഷും യെദ്യൂരപ്പയെ പിന്തുണച്ചു.

യെദിയൂരപ്പ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയതോടെ സ്പീക്കര്‍ രമേഷ് കുമാര്‍ സ്ഥാനമൊഴിഞ്ഞേക്കും, അദ്ദേഹം സ്വയം ഒഴിഞ്ഞില്ലെങ്കില്‍ അവിശ്വാസത്തിലൂടെ മാറ്റാനാണ് ബി.ജെ.പിയുടെ നീക്കം.

''രാജി സ്വമേധയാ ആണെന്ന് തന്നെ ബോദ്ധ്യപ്പെടുത്താന്‍ വിമതര്‍ക്ക് കഴിഞ്ഞില്ല. അതിനാലാണ് അയോഗ്യരാക്കാന്‍ തീരുമാനമെടുത്തത്. കൂറുമാറ്റനിരോധന നിയമം ലംഘിച്ചതിനു വ്യക്തമായ തെളിവുള്ളതിനാലാണ് അയോഗ്യത. ഇതിനെതിരെ വിമതര്‍ക്ക് ഹൈക്കോടതിയെയോ സുപ്രീം കോടതിയെയോ സമീപിക്കാമെന്ന് രമേഷ് കുമാര്‍ പറഞ്ഞിരുന്നു.