ജില്ലയിൽ 56 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു; വിവാഹ വീട്ടിൽ വിതരണം ചെയ്ത കുടിവെള്ളത്തിൽ നിന്ന് പടർന്നതെന്ന് സംശയം


കാസര്‍കോട്: ജില്ലയിലെ അണങ്കൂര്‍ മേഖലയില്‍ 56 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. 20 പേര്‍ക്ക് മഞ്ഞപ്പിത്ത ബാധയുള്ളതായി ആരോഗ്യവകുപ്പ് സംശയിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലാണ് മഞ്ഞപ്പിത്തം ബാധിച്ചവര്‍ ചികിത്സ തേടിയെത്തിയത്. സംശയത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവരെല്ലാം ഏതാണ്ട് ഒരു മാസം മുന്‍പ് ഇവിടെ നടന്ന ഒരു വിവാഹവേദിയില്‍ നിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. പക്ഷെ ഇവിടെ വിതരണം ചെയ്‌ത വെള്ളമാണോ, മറ്റെന്തെങ്കിലും പാനീയമാണോ രോഗകാരിയായതെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും കാസര്‍കോട് ആരോഗ്യവകുപ്പ് ഡപ്യൂട്ടി ഡിഎംഒ ഡോ മനോജ് പറഞ്ഞു.

ചികിത്സയിലുള്ള ആരുടെയും നില ഗുരുതരമല്ല. പ്രദേശത്ത് രോഗം പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഇതിനായി ആരോഗ്യവകുപ്പിന്റെ പ്രത്യേക സംഘം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ടെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.