ദേശീയപാത അറ്റകുറ്റപണികൾ അടിയന്തിരമായി നടത്തണം - ജില്ലാ വികസന സമിതി


കാസറഗോഡ് : കനത്ത മഴയില്‍ ദേശീയപാതയുടെ പല ഭാഗങ്ങളും തകര്‍ന്നതിനാല്‍ അറ്റകുറ്റപണികള്‍ക്ക് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. ജില്ലയിലെ 96 കിലോമീറ്റര്‍ ദേശീയ പാതയില്‍ നിരവധി സ്ഥലങ്ങളില്‍ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ആറു വര്‍ഷം മുന്‍പാണ് ജില്ലയില്‍ ദേശീയ പാത പൂര്‍ണമായി റീടാര്‍ ചെയ്തത്. അതിനുശേഷം പൂര്‍ണ മായി റോഡ് തകര്‍ന്നു. അറ്റക്കുറ്റപണികള്‍ക്ക് തുക അനുവദിച്ചിട്ടില്ല. ദേശീയപാത നാലുവരിയാക്കുന്നതിനാലാണ് അറ്റക്കുറ്റപണികള്‍ നടത്താതിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിശക്തമായ മഴയില്‍ വ്യാപകമായി കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ദേശീയപാതയില്‍ അപകടങ്ങള്‍ പെരുകുകയാണ്. ഈ സാഹചര്യത്തില്‍ കാലിക്കടവ് മുതല്‍ തലപാടി വരെ ദേശീയപാത 66 ല്‍ അറ്റകുറ്റപണികള്‍ക്ക് നടപടി സ്വീകരിക്കണമെന്ന് എംഎല്‍എ മാരായ എം.രാജഗോപാല്‍, കെ.കുഞ്ഞിരാമന്‍, എന്‍.എ നെല്ലിക്കുന്ന് എന്നിവര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. കാലവര്‍ഷക്കെടുതി പരിഗണിച്ച് ജില്ലയ്ക്ക് പ്രത്യേക സഹായം ലഭ്യമാക്കണമെന്ന് നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊഫ.കെ.പി.ജയരാജന്‍ പറഞ്ഞു. നീലേശ്വരം രാജാ റോഡില്‍ ചരക്ക് വാഹനങ്ങളുടെ അനധികൃത പാര്‍ക്കിംഗ് കര്‍ശനമായി തടയണമെന്നും മോട്ടോര്‍ വാഹന വകുപ്പിനോട് നിര്‍ദ്ദേശിച്ചു.

കെഎസ്ടിപി റോഡില്‍ കാഞ്ഞങ്ങാട് പട്ടണത്തില്‍ നിര്‍മ്മിച്ച കല്‍വര്‍ട്ടുകള്‍ അശാസ്ത്രീയമായി പണിതതിനാല്‍ കാലവര്‍ഷത്തില്‍ പട്ടണത്തില്‍ വെള്ളം കെട്ടി കിടക്കുന്ന സാഹചര്യമുണ്ടായെന്ന് കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍ പറഞ്ഞു. ആലാമിപ്പള്ളി ബസ് സ്റ്റാന്റില്‍ മുഴുവന്‍ ബസുകളും കയറണമെന്നും ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് ഫെയര്‍ സ്റ്റേജ് മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.

എഡിഎം: എന്‍.ദേവീദാസ് അധ്യക്ഷത വഹിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എം എല്‍ എ മാരായ എന്‍.എ നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമന്‍, എം.രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, എം പി യുടെ പ്രതിനിധി എ. ഗോവിന്ദന്‍ നായര്‍, നഗരസഭ ചെയര്‍മാന്മാരായ വി.വി രമേശന്‍, കെ.പി ജയരാജന്‍, ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എ.എ ജലീല്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ജില്ലാ പ്ലാനീംഗ് ഓഫീസര്‍ എസ്.സത്യപ്രകാശ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.