മൊഗ്രാൽ ദേശീയവേദി സംഘടിപ്പിക്കുന്ന അനുമോദന ചടങ്ങ് ജൂലായ് 28ന്


മൊഗ്രാൽ : നാടിന്റെ വിദ്യാഭ്യാസ-കായിക മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ മൊഗ്രാൽ ദേശീയവേദി അനുമോദിക്കുന്നു. 2019 ജൂലൈ 28 ന് വൈകുന്നേരം 4:30 ന് മൊഗ്രാൽ ബിസ്മില്ലാ കോംപ്ലക്സിലാണ് പരിപാടി. 

കർണാടകയിലെ ഹിംസിൽ എം.ബി.ബി.എസിന് മെറിറ്റ് സീറ്റിൽ പ്രവേശനം നേടി നാടിന്റെ അഭിമാനമുയർത്തിയ ഫൈറൂസ് ഹസീന എം. കെ, എസ്. എസ്. എൽ.സി പരീക്ഷയിൽ മൊഗ്രാൽ ഗവ.സ്കൂളിൽ നിന്നും എല്ലാ വിഷയത്തിലും A+ നേടി വിജയിച്ച ഫൗസിയ എം.കെ, ഖദീജത്ത് സുൽഫ, ബി.ടെക്കിന് എൻ. ഐ. ടി കാലിക്കറ്റിൽ മെറിറ്റ് സീറ്റിൽ പ്രവേശനം നേടിയ ഇർഷാദ് ഇബ്രാഹിം, CBSE സീനിയർ സെക്കന്ററി പരീക്ഷയിൽ സൈക്കോളജിയിൽ മുഴുവൻ മാർക്ക് നേടിയ ആസിയ റിയ, കഴിഞ്ഞ വർഷത്തെ ജില്ലയിലെ മികച്ച സീനിയർ ഫുട്ബോൾ താരമായി ഡി.എഫ്. എ തെരഞ്ഞെടുത്ത സിറാജ് റോണ്ടി എന്നിവരെയാണ് ഉപഹാരം നൽകി അനുമോദിക്കുന്നത്. 

പരിപാടി കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ഖാദർ മാങ്ങാട് ഉദ്ഘാടനം ചെയ്യും നാട്ടിലെ സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. ദേശീയവേദി സംഘടിപ്പിച്ച ലോകസഭ തെരഞ്ഞെടുപ്പ് പ്രവചന മത്സര വിജയികൾക്ക് ചടങ്ങിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്യും.

മുഴുവൻ നാട്ടുകാരും അനുമോദന ചടങ്ങിൽ സംബന്ധിച്ച് പരിപാടി വൻ വിജയമാക്കണമെന്ന് പ്രസിഡന്റ്‌ എ.എം. സിദ്ദീഖ് റഹ്മാൻ, ജന.സെക്രട്ടറി റിയാസ് മൊഗ്രാൽ എന്നിവർ അഭ്യർത്ഥിച്ചു.