മഴയത്ത് ചളി വെള്ളത്തിൽ നാല് പേരെ മനോഹരമായി ഡ്രിബിൾ ചെയ്ത് ഗോളിലേക്കുള്ള വഴിയൊരുക്കിയ ഒരു കുഞ്ഞു താരത്തെ കണ്ടാൽ ആരായാലും ഇങ്ങനെ പറഞ്ഞ് പോകും. കുറച്ചുദിവസമായി ഫുട്ബോൾ ആരാധകർക്കിടയിൽ വാട്സാപ്പിലൂടെ കറങ്ങി നടക്കുന്ന ആ കുഞ്ഞു മെസ്സി കാസർകോട്ടുകാരനാണ്. ദേലംപാടി പഞ്ചായത്തിലെ പരപ്പയിൽ നിന്നുള്ള പന്ത്രണ്ടു വയസ്സുകാരൻ മെഹ്റൂഫ്.
ഒരു ഒഴിവുദിവസം കൂട്ടുകാരോടൊപ്പം വെറുതേ മഴയത്ത് ഫുട്ബോൾ കളിക്കാനിറങ്ങിയതാണ് മെഹ്റൂഫ്. എന്നാൽ ആ കളി കാസർകോടു കടന്ന് കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന ഇയാൻ ഹ്യൂമിന്റെ അടുത്ത് വരെയെത്തി. ഡച്ച്-സ്പാനിഷ് ഫുട്ബോളറും ഡൽഹി ഡൈനാമോസിന്റെ താരവുമായിരുന്ന ഹാൻസ് മൾഡറും മെഹ്റൂഫിന്റെ ഈ കളി കണ്ടു.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഫാൻ ഗ്രൂപ്പായ കെബിഎഫ്സി മഞ്ഞപ്പടയുടെ ഇൻസ്റ്റഗ്രാമിൽ മെഹ്റൂഫിന്റെ ഈ വീഡിയോ പോസ്റ്റ് ചെയ്തപ്പോഴാണ് ഇയാൻ ഹ്യൂമിന്റെ കണ്ണിൽപെട്ടത്. ഈ കുഞ്ഞിനെ ഇപ്പോൾ തന്നെ ടീമിലെത്തിക്കൂ എന്ന് ബ്ലാസ്റ്റേഴ്സിനോട് ആവശ്യപ്പെടാനും ഹ്യൂം മറന്നില്ല.
ഫുട്ബോൾഇന്ത്യ.കോ.ഇൻ എന്ന ഇൻസ്റ്റാ പേജ് വഴിയാണ് ഹാൻസ് മൾഡർ ഈ കുഞ്ഞുതാരത്തെ അറിയുന്നത്. ഇവന് ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടോ എന്നായിരുന്നു മൾഡറുടെ ചോദ്യം. ഒട്ടും വൈകാതെ കൂട്ടുകാർ മെഹ്റൂഫിനായി പുതിയ ഇൻസ്റ്റഗ്രാം പേജും തുടങ്ങി. മഹ്റൂഫ് പരപ്പ എന്ന പേരിലുള്ള ഈ പേജിന് മണിക്കൂറുകൾക്കുള്ളിൽ ഫോളോവേഴ്സിന്റെ എണ്ണം 2500 കടന്നു.