മുത്തലാഖ് ബില്‍ ലോക്‌സഭ പാസാക്കി


ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ ലോക്‌സഭ പാസാക്കി. 303 പേര്‍ ബില്ലിനെതിരായ പ്രതിപക്ഷ പ്രമേയത്തിനെ എതിര്‍ത്ത് വോട്ട് ചെയ്തു. 82 പേര്‍ അനുകൂലിച്ചു. കോണ്‍ഗ്രസ്, ജെ.ഡി.യു, ടി.എം.സി എം.പിമാര്‍ ലോക്‌സഭ ബഹിഷ്‌കരിച്ചു. മുമ്പ് ബില്‍ ലോക്‌സഭയില്‍ പാസായിരുന്നെങ്കിലും രാജ്യസഭ തള്ളിയിരുന്നു.

ബില്ലില്‍ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കാനുള്ള വ്യവസ്ഥയ്ക്ക് എതിരെ കോണ്‍ഗ്രസ് വോട്ടു ചെയ്തു. മുത്തലാഖ് നിരോധിക്കുന്ന ബില്ല്, ലിംഗനീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിലെ നാഴികക്കല്ലാണെന്നാണ് ബില്ല് അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞത്.

മുസ്ലീം സമുദായത്തില്‍ ഭാര്യയുമായി വിവാഹമോചനം നേടാന്‍ ഭര്‍ത്താവിന് തലാഖ് എന്ന് മൂന്ന് വട്ടം ചൊല്ലിയാല്‍ മതിയെന്ന ചട്ടത്തിനെതിരാണ് ബില്ല്. ഇത്തരത്തില്‍ ഭാര്യയെ മുത്തലാഖ് ചൊല്ലി മൊഴി ചൊല്ലുന്ന ഭര്‍ത്താക്കന്‍മാര്‍ക്ക് ജയില്‍ ശിക്ഷ നല്‍കാനുള്ള ചട്ടങ്ങള്‍ ബില്ലിലുണ്ട്.

ബില്ലിനെതിരെ ഇന്ന് മുഴുവന്‍ സഭയില്‍ വലിയ പ്രതിപക്ഷ ബഹളം നടന്നിരുന്നു.വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ ബിജെപി എംപിമാര്‍ക്ക് വിപ്പ് ഏര്‍പ്പെടുത്തിയിരുന്നു. ബില്ലിലെ പല വ്യവസ്ഥകളും വിവേചനപരമാണെന്നും, ബില്ല് സെലക്‌ട് കമ്മിറ്റിക്ക് വിടണമെന്നുമായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം. എന്തുകൊണ്ടാണ് മുത്തലാഖ് ബില്ല് മാത്രം ഇത്ര പെട്ടെന്ന് പാസ്സാക്കിയെടുക്കണമെന്ന് സര്‍ക്കാര്‍ വാശി പിടിക്കുന്നതെന്നും പ്രതിപക്ഷം ചോദിക്കുന്നു. 

ബില്ലിനെതിരെ പി.കെ കുഞ്ഞാലിക്കുട്ടിയും എന്‍.കെ പ്രേമചന്ദ്രനും  എതിര്‍ത്ത് സംസാരിച്ചു. ബില്‍ വിവേചനപരമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്‍ലിം സംഘടനകളോട് സര്‍ക്കാര്‍ ചര്‍ച്ച നടത്താത്തത് ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു.

ബില്ലിനെ ഒറ്റക്കെട്ടായി എതിര്‍ക്കാനാണ് പ്രതിപക്ഷ തീരുമാനം. ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടയാണ് ബില്ലെന്നാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്.