
ബംഗളൂരു: കര്‍ണാടകത്തില്‍ ബി.എസ്.യെദിയൂരപ്പ സര്‍ക്കാര്‍ നാളത്തെ വിശ്വാസവോട്ട് ജയിച്ചാല്‍, അതിന് ശേഷവും സ്പീക്കര്‍ കെ.ആര്. രമേശ് കുമാര്‍ പദവി ഒഴിഞ്ഞില്ലെങ്കില്‍ അന്നുതന്നെ അദ്ദേഹത്തെ അവിശ്വാസത്തിലൂടെ പുറത്താക്കാന്‍ ബി. ജെ. പി നീക്കം തുടങ്ങി. കോണ്‍ഗ്രസ് അംഗമായ സ്പീക്കറെ ഇക്കാര്യം അറിയിച്ചിട്ടുമുണ്ട്. ഭരണകക്ഷി അംഗം സ്പീക്കര്‍ ആകുന്നതാണ് കീഴ്വഴക്കമെന്നിരിക്കെ സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പിനു ശേഷം സ്പീക്കര്‍ രാജിവച്ചേക്കും. നാലാം തവണയാണു യെദിയൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയാകുന്നത്.
അതിനിടെ, യെദിയൂരപ്പസര്‍ക്കാരിനെ പുറത്തു നിന്ന് പിന്തുണയ്ക്കണോ, പ്രതിപക്ഷ ബെഞ്ചില്‍ ഇരിക്കണോ എന്നതിനെച്ചൊല്ലി ജനതാദള്‍- എസില്‍ ഭിന്നത തുടരുകയാണ്. വെള്ളിയാഴ്ച മുഖ്യമന്ത്രിപദം രാജിവച്ച ശേഷം ഭാവി ചര്‍ച്ച ചെയ്യാന്‍ എച്ച്.ഡി. കുമാരസ്വാമി വിളിച്ച യോഗത്തില്‍ എം. എല്‍. എമാര്‍ ഇതേച്ചൊല്ലി രണ്ട് ചേരിയായി. തീരുമാനം കുമാരസ്വാമിക്കു വിട്ടു. ഇന്ന് തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.
ജെ.ഡി.എസുമായി ധാരണയ്ക്കുള്ള സാദ്ധ്യത യെദിയൂരപ്പ തള്ളിയിരുന്നു. തനിച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനിച്ച യെദിയൂരപ്പയെ ജെ.ഡി.എസ് നേതാവ് എച്ച്.ഡി. ദേവഗൗഡ അഭിനന്ദിച്ചിരുന്നു. എന്നാല്‍, ജെ. ഡി. എസില്‍ വലിയൊരു വിഭാഗം ബി.ജെ.പി സര്‍ക്കാരിനെ പിന്തുണയ്ക്കണമെന്ന പക്ഷക്കാരാണെന്നത് പാര്‍ട്ടിക്ക് തലവേദനയാകുന്നുണ്ട്.