മഞ്ചേശ്വരം: മഞ്ചേശ്വരത്തു നിന്നും തട്ടിക്കൊണ്ടു പോയ വിദ്യാര്‍ത്ഥിയെ മംഗളൂരുവിൽ കണ്ടെത്തി. കളിയൂരിലെ അബൂബക്കറിന്റെ മകന് അബ്ദുറഹ്മാന് ഹാരിസിനെയാണ് അജ്ഞാത നാലംഗ സംഗം മൂന്ന് ദിവസങ്ങൾക്ക് മുമ്പ് തട്ടിക്കൊണ്ടു പോയത്.
കുട്ടിയെ മംഗളൂരു ബസ്റ്റോപ്പില്‍ കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. ഹാരിസിനെ തിരികെ എത്തിക്കാന്‍ കേരള പോലീസ് മംഗുളൂരുവിലേയ്ക്ക് തിരിച്ചു. സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കം ഒത്തുതീര്‍പ്പായതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയെ വിട്ടയച്ചതെന്നാണ് സൂചന.
മഞ്ചേശ്വരത്ത് കാറിലെത്തിയ നാലംഗസംഘം പ്ലസ് ടു വിദ്യാര്‍ഥിയായ അബ്ദുറഹ്മാന് ഹാരിസിനെ സ്കൂളിലേക്ക് പോകുവഴി തട്ടിക്കൊണ്ടു പോകുകയായിരുന്നു. സംഭവത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘങ്ങളാണെന്ന് പോലീസ് സംശയിച്ചിരുന്നു. മൂന്നു ദിവസത്തിനു ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്.
കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം സംഘം വീട്ടുകാരുമായി ബന്ധപ്പെടുകയും വിട്ടുകിട്ടാൻ രണ്ടു കോടി ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ ശബ്ദ സന്ദേശം പൊലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരേയും ആരെയും കണ്ടെത്താനായിട്ടില്ല. എന്നാൽ സാമ്പത്തിക ഇടപാടുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്നാണ് ഹാരിസിന്റെ വീട്ടുകാർ പറയുന്നത്. ഹാരിസിന്റെ അമ്മാവന്റെ മകനെ തട്ടിക്കൊണ്ടു പോകാനാണ് സംഘം ലക്ഷ്യമിട്ടിരുന്നതെന്നും എന്നാൽ ആളുമാറി അനന്തരവനായ ഹാരിസിനെ തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നുമാണ് പൊലീസിന്റെ നിഗമനം.