മലബാര്‍ മേഖലയില്‍ നിന്നുള്ള കുട്ടികളെ വിദഗ്ദ്ധചികിത്സക്ക് കൊണ്ട് പോകാന്‍ ട്രൈനുകളില്‍ ആംബുലന്‍സ് കോച്ച് അനുവദിക്കണം ; സിപിടി കേരള


കാഞ്ഞങ്ങാട് : മലബാര്‍ മേഖലയില്‍ നിന്നുള്ള കുട്ടികളെ വിദഗ്ദ്ധചികിത്സക്ക് കൊണ്ട് പോകാന്‍ ട്രൈനുകളില്‍ ആംബുലന്‍സ് കോച്ച് അനുവദിക്കണമെന്ന് കാഞ്ഞങ്ങാട് ചേര്‍ന്ന ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള (സിപിടി ) സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ദിവസേന നിരവധി കുഞ്ഞുങ്ങളെയാണ് തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും ചെന്നൈക്കും കൊണ്ട് പോകുന്നത്. റോഡ് മാര്‍ഗ്ഗം ഐസിയു എന്‍ ഐസിയു വെന്റെിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സുകളില്‍ ഉദ്ദേശിച്ചസ്ഥലത്ത് എത്തുമ്പോള്‍ വലിയ സംഖ്യ ചിലവ് വരുന്നു. ഇത് നിര്‍ധനകുടുംബങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്നില്ല. കര്‍ണാടക പോലുള്ള അന്യസംസ്ഥാനങ്ങളില്‍ മലയാളികള്‍ക്ക് യാതൊരു ചികിത്സ ആനുകൂല്യങ്ങളും നിലവില്‍ ലഭിക്കുന്നില്ല. അവിടുത്തെ ചികിത്സയുടെ ചിലവുകള്‍ കേരളസര്‍ക്കാര്‍ ആനുകൂല്യങ്ങളില്‍പെടുന്നില്ല. ഇത് കൊണ്ട് തന്നെ എന്‍ഡോസള്‍ഫാന്‍ ദുരിതം വിതച്ച മേഖലകളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഹൃദയവാള്‍വ് തകരാറുകള്‍ മറ്റ് വൈകല്യങ്ങളോടെയാണ് ജനിക്കുന്നത്. മികച്ച ചികിത്സനല്‍കാന്‍ കഴിയാത്തതുമൂലം നിര്‍ധന കുടുംബങ്ങളിലെ നിരവധി കുട്ടികളാണ് മരണത്തിന് കീഴടങ്ങുന്നത്. ഇതിന് അടിയന്തിര പരിഹാരം എന്ന നിലയില്‍ എയര്‍ ആംബുലന്‍സ് എന്ന ആശയം സംഘടന മുന്നോട്ട് വെച്ചിരുന്നു. സര്‍ക്കാരിന് നിവേദനവും സമര്‍പ്പിച്ചിരുന്നു എന്നാല്‍ സാമ്പത്തിക കാരണത്താല്‍ സര്‍ക്കാര്‍ ഇത് പരിഗണിക്കുന്നില്ല. ഇതിന് പരിഹാരം എന്ന നിലയില്‍ മംഗലാപുരത്ത് നിന്ന് തിരുവനന്തപുരംത്തേക്കും മംഗലാപുരത്ത് നിന്ന് ചെന്നൈക്കും പോകുന്ന ഓരോ ട്രൈനുകളില്‍ ഓരോ ആംബുലന്‍സ് കോച്ച് അനുവദിച്ചാല്‍ രോഗികളായ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉപകാരപ്രദമാകും. ഐസിയു വെന്റിലേറ്റര്‍ എന്‍ഐസിയു ഡോക്ടര്‍ നഴ്‌സ് ഫെസിലിറ്റി ഒരുക്കിയാല്‍ ഒരു കോച്ചില്‍ അമ്പതിലധികം രോഗികളെ ഒരേ സമയം കൊണ്ട് പോകാന്‍ കഴിയും.

റോഡ് മാര്‍ഗം കൊണ്ട് പോകുന്നതിന്റെ പത്ത് ശതമാനം ചിലവ് മാത്രമേ വരികയുള്ളൂ.അപകടങ്ങള്‍ കുറയും മണിക്കൂറുകള്‍ നിശ്ചയിച്ച് നടത്തുന്ന ആംബുലന്‍സ് മിഷന്‍ ഒഴിവാക്കാം. ഇത് സംബന്ധിച്ച് സംഘടന ഭാരവാഹികള്‍ ഡല്‍ഹിയില്‍ നേരിട്ട് പോയി ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ഡല്‍ഹി ഘടകത്തിന്റെ സഹായത്തോടെ പ്രധാനമന്ത്രിക്കും റെയില്‍വേ വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കും. ആദ്യഘട്ടത്തില്‍ കേരളത്തിലെ ഏക കേന്ദ്രമന്ത്രി വി മുരളീധരനും 20 ലോക്‌സഭ എംപിമാര്‍ക്കും മുഴുവന്‍ രാജ്യസഭ എംപിമാര്‍ക്കും ഈ നിവേദനം സമര്‍പ്പിക്കും. റെയില്‍വേയുടെ കേരള ചുമതയുള്ള മന്ത്രിക്കും നിവേദനം നല്‍കും. മനുഷ്യസ്‌നേഹികളുടെ സഹായത്തോടെ നിര്‍ദ്ധനകുടുംബങ്ങളിലെ കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സൗജന്യ വെന്റിലേറ്റര്‍ സൗകര്യത്തോടെയുള്ള അത്യാധുനിക ആംബുലന്‍സ് പുറത്തിറക്കും. അടുത്ത സംസ്ഥാന സമ്മേളനത്തിന് മുമ്പ് ഇത് യാഥാര്‍ത്ഥ്യമാക്കും. സംഘടനയുടെ ജില്ലകളിലെ പ്രവര്‍ത്തനഫണ്ട് കണ്ടെത്താന്‍ കൂപ്പണ്‍ പുറത്തിറക്കും. തിരഞ്ഞെടുത്ത പ്രധാനപ്പെട്ട ഭാരവാഹികള്‍ക്ക് രണ്ട് ദിവസത്തെ ലീഡര്‍ഷിപ്പ് ട്രൈനിങ്ങ് ക്യാമ്പ് സംഘടിപ്പിക്കും. 

കാഞ്ഞങ്ങാട് മാണിക്കോത്ത് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡണ്ട് സി കെ നാസര്‍ കാഞ്ഞങ്ങാട് അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡണ്ട് ശാന്തകുമാര്‍ തിരുവനന്തപുരം ഉമ്മര്‍ പാടലടുക്ക സെക്രട്ടറിരായ വിനോദ് അണിമംഗലം വയനാട് ശ്രീജിത്ത് ശര്‍മ്മ ത്യശ്ശൂര്‍ വനിത ചെയര്‍പേഴ്‌സണ്‍ പ്രസന്ന സുരേന്ദ്രന്‍ എറണാകുളം കണ്‍വീനര്‍ സുജമാത്യൂ വയനാട് എക്‌സിക്യൂട്ടൂവ് അംഗങ്ങളായ ബേബി കെ ഫിലിപ്പോസ് പിറവം സജി ഉസ്മാന്‍ കായംകുളം തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സുനില്‍ മളിക്കാല്‍ സ്വാഗതവും എക്‌സിക്യൂട്ടിവ് അംഗം പി ഷാജി കോഴിക്കോട് നന്ദിയും പറഞ്ഞു.