കുമ്പളയിൽ വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാർ പെരുമഴയത്ത്; ബസ് സ്റ്റാന്റ് നിർമ്മാണം എന്ന് തുടങ്ങും?


കുമ്പള: കുമ്പളയിൽ ബസ്റ്റാന്റ് കെട്ടിടം കെട്ടിടം പൊളിച്ചുമാറ്റി വർഷം രണ്ട് കഴിഞ്ഞിട്ടും ബസ്സ്റ്റാന്റ് കെട്ടിടം പണിയുന്നതിനുള്ള നടപടി ക്രമങ്ങൾ എങ്ങുമെത്തിയില്ല. ബസ്റ്റാന്റ് കെട്ടിടം എവിടെ പണിയണമെന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുന്നതായാണ് വിവരം. നിലവിൽ ബസ്റ്റാന്റ് കെട്ടിടം പൊളിച്ചു മാറ്റിയ ഈ സ്ഥലത്തിനു പകരം ബദിയഡുക്ക റോഡിൽ ബസ്റ്റാന്റ് കെട്ടിടം പണിയുമെന്നായിരുന്നു ഒരു വർഷം മുൻപ് വരെ പറഞ്ഞിരുന്നത്. എന്നാൽ ആ സ്ഥലത്തിന്റെ കാര്യത്തിൽ യാതൊരു തരത്തിലുള്ള പുരോഗതിയുമുണ്ടാവാത്തതിനാൽ തൽകാലം അത് ഉപേക്ഷിച്ചതായും സംസാരമുണ്ട്. ബസ്റ്റാന്റ് കെട്ടിടം ഇല്ലാതായതോടെ ദിവസേന ഇവിടെയെത്തുന്ന നൂറ് കണക്കിന് വിദ്യാർഥികളും മറ്റു യാത്രക്കാരും മഴയത്ത് ബസ് കാത്ത് നിൽക്കേണ്ട സ്ഥിതിയാണ് ഇന്നുള്ളത്.

വ്യാപാരി സംഘടനയുമായി സഹകരിച്ച് ചെറിയൊരു താൽകാലിക ഷെഡ് നിർമിച്ചിട്ടുണ്ടെങ്കിലും വളരെ കുറച്ച് പേർക്കു മാത്രമേ ഇതിനകത്ത് നിൽക്കാനാവുന്നത്. നല്ല മഴയുള്ള സമയങ്ങളിൽ നന്നഞു കുളിച്ചാണ് വിദ്യാർത്ഥികളും മറ്റുള്ളവരും ബസിൽ കയറുന്നത്. പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതിനു എത്രയോ വർഷം മുൻപ് തന്നെ ആധുനീക രീതിയിലുള്ള ബസ്റ്റാന്റ് ഷോപ്പിങ് കോംപ്ലക്സ് പണിയുന്നതിനെ കുറിച്ചുള്ള ചർച്ചകളും സർവേകൾ ഉൾപ്പെടെ നടന്നിരുന്നു. എന്നാൽ കെട്ടിടം പൊളിച്ച് നീക്കി നാളുകൾ ഏറെ കഴിഞ്ഞിട്ടും ചർച്ചകളെല്ലാതെ ഇതു വരെ കാര്യമായ പുരോഗതിയൊന്നുമുണ്ടായിട്ടില്ല. ഇപ്പോൾ ബസ് സ്റ്റാന്റ് കെട്ടിടമുണ്ടായിരുന്ന സ്ഥലത്ത് മുഴുവനും വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുകയാണ്. ഭാവിയിൽ ഇവിടെ ബസ്റ്റാന്റിനു പകരം വാഹന പാർക്കിങ്ങ് ഏരിയായി ഇവിടം മാറുമോ എന്നാണ് വ്യാപാരികൾ ചോദിക്കുന്നത്.