കൊച്ചി: കണ്മുന്നില് അപകടം കാണുേമ്ബാള് ഇനി നിയമക്കുരുക്ക് പേടിച്ച് മാറിനില്‍ക്കേണ്ടതില്ല. രക്ഷിക്കുന്നവര്‍ക്ക് രക്ഷയേകനായി പുതിയ അതോറിറ്റിയുമായി സര്‍ക്കാര്‍ രംഗത്ത്. പലപ്പോഴും റോഡുകളില്‍ അപകടങ്ങളില്‍പ്പെട്ട് കിടക്കുന്നവരെ രക്ഷിക്കാനും ആശുപത്രിയിലെത്തിക്കാനും ആളുകള്‍ മടിക്കുന്ന അവസ്ഥയുണ്ട്. പിന്നാലെയെത്തുന്ന നിയമക്കുരുക്ക് ഭയന്നാണിത്. ഇത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാരിന്റെ നീക്കം.
നിയമ പരിഷ്കരണ കമീഷന് തയാറാക്കിയ 'കേരള എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ ആന്‍ഡ് െപ്രാട്ടക്ഷന്‍ ഓഫ് ഗുഡ് സമരിറ്റന്‍സ് ബില്‍- 2019' സര്‍ക്കാര്‍ നിയമവകുപ്പിന് കൈമാറി. കരട് ബില്‍ നിയമ വകുപ്പിന്റെ ശിപാര്‍ശയോടെ ആരോഗ്യവകുപ്പാകും നിയമസഭ പരിഗണനയില്‍ കൊണ്ടുവരുക. അടുത്ത സഭാസമ്മേളനത്തില്‍ ബില്‍ ചര്‍ച്ചക്ക് വരും.
അതോറിറ്റി ഘടന, അധ്യക്ഷന്‍, അംഗങ്ങള്‍ എന്നിവ സര്‍ക്കാര്‍ തീരുമാനിക്കും. അപകടത്തില്‍പെട്ടയാളെ ആശുപത്രിയിലെത്തിച്ച വ്യക്തികളുടെ സമ്മതമില്ലാതെ ഇവരെ സാക്ഷിയായിപ്പോലും എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലെന്ന് ബില്‍ ശിപാര്‍ശ ചെയ്യുന്നു. ആശുപത്രിയിലെത്തിക്കാന്‍ ചെലവായ തുകയും പാരിതോഷികവും അടക്കം അതോറിറ്റി വഴി രക്ഷകന് നല്‍കും.പരിക്കേറ്റയാളുടെ ചികിത്സക്കുള്ള പണമടക്കാന്‍ ആശുപത്രി അധികൃതര്‍ നിര്‍ബന്ധിക്കാന്‍ പാടില്ല. പരിക്കേറ്റയാളെ തിരിച്ചറിയാനും അപകടവിവരങ്ങള്‍ അറിയുന്നതിനുമല്ലാതെ മറ്റൊരു തരത്തിലും രക്ഷിച്ചയാളുടെ മൊഴി രേഖപ്പെടുത്താന്‍ ആശുപത്രി അധികൃതരോ പൊലീസോ തയാറാകരുതെന്നും ബില്‍ നിഷ്കര്‍ഷിക്കുന്നു. രക്ഷിച്ചയാളെ സംബന്ധിച്ച വിവരം ഒരുകാരണവശാലും ആശുപത്രിയില്‍ വെളിപ്പെടുത്തേണ്ടതില്ല. അന്വേഷണ ഭാഗമായി ചോദ്യം ചെയ്യലിനോ മറ്റ് നടപടികള്‍ക്കോ പൊലീസ് ഇവരെ വിധേയനാക്കരുത്. വിവരം നല്കാന് സ്വയം മുന്നോട്ടുവന്നാല്‍ നിശ്ചിത സമയത്തിനകം മൊഴിയെടുപ്പ് പൂര്‍ത്തിയാക്കണം.
തുടര്‍ച്ചയായി പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തുന്നത് അടക്കം നടപടി സ്വീകരിക്കാന്‍ പാടില്ലെന്നും കരട് ബില്ലില്‍ നിര്‍ദേശിക്കുന്നു. വിവിധ തലങ്ങളിലുള്ള നിരവധി പൊതുചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ശേഷമാണ് ഇത്തരമൊരു കരട് ബില്‍ തയാറായത്. മുന്‍കൂര്‍ പണം ഈടാക്കാതെ, അപകടത്തില്‍ പരിക്കേറ്റവരുടെ അടിയന്തര ചികിത്സ കാലതാമസമില്ലാതെ എല്ലാ ആശുപത്രികളും നല്‍കണം. ആശുപത്രിയില്‍ എത്തിച്ചശേഷം ആദ്യ 24 മണിക്കൂറിലെ ചികിത്സച്ചെലവ് അതോറിറ്റി വഴി ആശുപത്രിക്ക് സര്‍ക്കാര്‍ നല്‍കും. അപകടത്തില്‍പെട്ടയാള്‍ക്ക് ഇന്‍ഷുറന്‍സ് പോളിസികളോ റീ ഇംബേഴ്സ്മെന്റ് സൗകര്യമോ ഉണ്ടെങ്കില്‍ അതിനാവശ്യമായ സഹായവും നല്‍കും.
മെഡിക്കല്‍കോളജുകള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ആശുപത്രികളുമായും മറ്റ് സ്വകാര്യ ആശുപത്രികളുമായും ഇതു സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകളും നടന്നുകഴിഞ്ഞു.