വഞ്ചനാദിനം - എസ്.ഇ.യു പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചുകാസര്‍ഗോഡ്, (ജൂലൈ 1, 2019, www.kumblavartha.com) ●അ‍ഞ്ചു വര്‍ഷ തത്വം പാലിച്ച് പതിനൊന്നാം ശമ്പള കമ്മീഷന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പരിഷ്കരിച്ച ശമ്പളം ലഭ്യമാവേണ്ടിയിരുന്ന ജൂലൈ 01 ന് ശമ്പള പരിഷ്കരണ നടപടികള്‍ ആരംഭിക്കുക പോലും ചെയ്യാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ വഞ്ചനാദിനം ആചരിച്ചു.ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കേണ്ട ശമ്പള പരിഷ്കരണ കമ്മീഷന്റെ അംഗങ്ങള്‍ ആരൊക്കെ എന്ന പ്രാഥമികമായ കാര്യം പോലും ഇതേവരെ തീരുമാനിക്കാത്ത സര്‍ക്കാര്‍ നടപടി ജീവനക്കാരോടുള്ള വഞ്ചനയാണെന്ന് പ്രതിഷേധ സംഗമം കുറ്റപ്പെടുത്തി. ജീവനക്കാരുടെ മെഡിക്കല്‍ റീ-ഇംബേഴ്സ്മെന്റ് നിര്‍ത്തലാക്കി പകരം ആരംഭിച്ച മെഡിസെപ് ഇന്‍ഷുറന്‍സ് പദ്ധതി കുത്തക കമ്പനിക്ക് തീറെഴുതാനും സര്‍ക്കാര്‍ വിഹിതം നിശ്ചയിക്കാതെ ജീവനക്കാരില്‍ നിന്ന് തുക ഈടാക്കാനുമുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച് ഭരണത്തിലേറിയ സര്‍ക്കാര്‍ അതിനുള്ള നടപടികളിലേക്ക് നീങ്ങാത്തതിലും കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലേക്കുള്ള നിയമനത്തിന് സംവരണം ഉറപ്പുവരുത്തുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കാത്തതിലും പ്രതിഷേധം രേഖപ്പെടുത്തി.

സംസ്ഥാന വൈസ് പ്രസിഡണ്ട് നാസര്‍ നങ്ങാരത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പ്രസിഡണ്ട് സലീം.ടി അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ഒ. എം. ഷഫീഖ്, അന്‍വര്‍. ടി. കെ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ നെല്ലിക്കട്ട സ്വാഗതവും ട്രഷറര്‍ സിയാദ്.പി നന്ദിയും പറഞ്ഞു. എ എ മുഹമ്മദ്‌ കുഞ്ഞി, മുഹമ്മദലി കെ.എന്‍.പി, മുസ്തഫ കെ.എ, അബ്ബാസ് കുളങ്കര, ഷാക്കിര്‍.എന്‍, മുഹമ്മദ്.കെ, അഷ്റഫ് അത്തൂട്ടി, ജലീല്‍ പെര്‍ള, അഷ്റഫ് കല്ലിങ്കാല്‍, സൈഫുദ്ദീന്‍ മാടക്കാല്‍, സുലൈഖ പാലോത്ത് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നല്‍കി.
keyword : Fraud-Day-seu-organized-Protest-Fellowship