കുമ്പള, (ജൂലൈ 3, 2019, www.kumblavartha.com) ●ദുബൈ ആസ്ഥാനമായി കലാ-സാംസ്ക്കാരിക സാമൂഹ്യ വിദ്യഭ്യാസ ജീവകാരുണ്യ രംഗത്ത് സ്തുത്യര്‍ഹമായ സേവനം നടത്തിവരുന്ന ദുബൈ മലബാര്‍ സാംസ്ക്കാരിക വേദിയുടെ ഈ വര്‍ഷത്തെ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത് മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ലയുടെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്ക്കാരങ്ങള്‍ ദക്ഷിണ കര്‍ണാടകയില്‍ സാമൂഹ്യ വിദ്യഭ്യാസ മേഖലയിലെ നിറസാന്നിധ്യവുമായ ഡോ.ഷെയ്ഖ് ബാവ, കേരളത്തില്‍ സോഷ്യല്‍ മീഡിയ വഴിയുള്ള ചാരിറ്റി പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച് പുതിയ വിപ്ലവം സൃഷ്ടിക്കുകയും നൂറുകണക്കിന് ആളുകളുടെ കണ്ണീരൊപ്പുകയും മേല്‍ക്കൂര ഒരുക്കുകയും ചെയ്ത എബി കുട്ടിയാനം, എഴുത്തുകാരനും കോളമിസ്റ്റുമായ ഹംസ ന്യൂമാഹി എന്നിവര്‍ക്ക് നല്‍കും. പുതുതലമുറയിലെ ശ്രദ്ധേയനായ പാട്ടുകാരന് നിസാര്‍ വയനാടിനാണ് പ്രഥമ മൂസ എരഞ്ഞോളി പുരസ്ക്കാരം.
പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ കെ.കെ.മൊയ്തീന് കോയ, റേഡിയോ ഏഷ്യ പ്രോഗ്രാം ഡയറക്ടര്‍ രമേശ് പയ്യന്നൂര്‍, എഴുത്തുകാരന് ബഷീര്‍ തിക്കോടി, മാപ്പിളപ്പാട്ട് രചയിതാവ് ശുക്കൂര്‍ ഉടുമ്പുന്തല എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ കണ്ടെത്തിയത്.
വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്നവരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നല്‍കിവരുന്ന പുരസ്ക്കാരങ്ങള്‍ നേരത്തെ സുപ്രിം കോടതി മുന്‍ ജഡ്ജി സന്തോഷ് ഹെഗ്ഡെ, പ്രവാസി ഭാരതി അവാര്‍ഡ് ജേതാവ് വി.ടി.വിനോദ്, വൈ.സുധീര്‍ കുമാര്‍ ഷെട്ടി, ഗള്‍ഫ് ടുഡെ മുന്‍ ചീഫ് എഡിറ്റര്‍ പി.വിവേകാനന്ദ്, മുതിര്‍ന്ന് മാധ്യമ പ്രവര്ത്തകന് കെ.എം.അഹമ്മദ്, രമേശ് പയ്യന്നൂര്‍, കെഎം.അബ്ബാസ്, പാട്ടുകാരായ വിളയില്‍ ഫസീല, സിബില്ല സദാനന്ദന്, ഇസ്മായില്‍ തളങ്കര തുടങ്ങി നിരവധി പേര്‍ക്ക് നല്‍കിയിട്ടുണ്ട്.
ജുലൈ ആറിന് മൂന്ന് മണിക്ക് ബന്തിയോട് ഒളയത്തെ ഡി.എം.കബാന റിസോര്‍ട്ടില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. അതൊടൊപ്പം മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നും ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കും.
വാര്‍ത്ത സമ്മേളനത്തില്‍ ദുബൈ മലബാര്‍ സാംസ്ക്കാരിക വേദി രക്ഷാധികാരി എം.എ.ഖാലിദ്, ജനറല്‍ കണ്‍വീനര്‍ അഷറഫ് കര്‍ള, സത്താര്‍ ആരിക്കാടി, അന്‍വര്‍ സാദത്ത് കോളിയടുക്കം, ശരീഫ് കോട്ട, ഷക്കീല്‍ മൊഗ്രാല്‍ എന്നിവര്‍ സംബന്ധിച്ചു.
keyword : Dubai-Malabar-Arts-Cultural-Festival-Cherkala-Abdullah-Musa-Eranjoli-Award-announced