കഫേ കോഫിഡേ സ്ഥാപകൻ വിജി സിദ്ധാർഥയെ കാണാതായി


ബംഗളുരു: ക​ഫേ കോഫി ഡേ ശൃംഖലയുടെ സ്ഥാപകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്​ എം. കൃഷ്​ണയുടെ മരുമകനുമായ വി.ജി സിദ്ധാര്‍ത്ഥയെ കാണാതായി. മംഗളൂരുവില്‍ വെച്ചാണ്​ കാണാതായത്​. നേത്രാവതി നദിക്കരികില്‍ വെച്ചാണ്​ ഇദ്ദേഹ​ത്തെ അവസാനമായി കണ്ടതെന്നാണ്​ റിപ്പോര്‍ട്ടുകള്‍.

നദിയില്‍ പോലീസ്​ തെരച്ചില്‍ നടത്തുന്നുണ്ട്​. കര്‍ണാടക മുഖ്യമന്ത്രി ബി.എസ്​ യെദിയൂരപ്പ, കോണ്‍​ഗ്രസ്​ നേതാവ്​ ഡി.കെ ശിവകുമാര്‍, ബി.എല്‍ ശങ്കര്‍ എന്നിവര്‍ രാവിലെ എസ്​.എം കൃഷ്​ണയുടെ വസതിയിലെത്തി. തിങ്കളാഴ്​ച ചിക്കമംഗളുരുവിലേക്ക്​ ബിസിനസ്​ സംബന്ധമായി യാത്ര തിരിച്ച സിദ്ധാര്‍ത്ഥ്​ തുടര്‍ന്ന്​ കേരളത്തിലേക്കുള്ള യാത്രയിലായിരുന്നു.

മംഗളുരുവിന്​ സമീപം ദേശീയ പാതയിലെ ജെപ്പിന മൊഗരു എന്ന സ്ഥലത്തെത്തിയപ്പോള്‍ സിദ്ധാര്‍ത്ഥ്​ തന്റെ ഡ്രൈവറോട്​ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. വാഹനത്തില്‍ നിന്ന്​ പുറത്തിറങ്ങി പോയ സിദ്ധാര്‍ത്ഥയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ ഡ്രൈവര്‍ കുടുംബാംഗങ്ങളെ വിവരം ധരിപ്പിക്കുകയായിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ കാപ്പിക്കുരു കയറ്റുമതിക്കാരില്‍ ഒരാളാണ്​ വി.ജി സിദ്ധാര്‍ത്ഥ്​. എസ്​.എം കൃഷ്​ണയുടെ മൂത്ത മകള്‍ മാളവികയെയാണ്​ സിദ്ധാര്‍ത്ഥ്​ വിവാഹം ചെയ്​തത്​​. 2017ല്‍ സിദ്ധാര്‍ത്ഥിന്റെ ഓഫീസില്‍ ആദായ നികുതി വകുപ്പ്​ റെയ്​ഡ്​ നടത്തിയിരുന്നു.

Image

Image