ഷിറിയ അഴിമുഖത്ത് നിന്നും മണൽ നീക്കം ചെയ്തില്ല; തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്കം


കുമ്പള, (ജൂൺ 23, 2019, www.kumblavartha.com) ●ഷിറിയ അഴിമുഖത്ത് നിന്നും മണൽ നീക്കം ചെയ്യാത്തതിനെത്തുടർന്ന് തീരദേശ പ്രദേശങ്ങളിൽ  വെള്ളപ്പൊക്കം. ആരിക്കാടി, ഷിറിയ, ബംബ്രാണ തുടങ്ങിയ പ്രദേശങ്ങളിലാണ്  വെള്ളപ്പൊക്കം. 

ഷിറിയ അഴിമുഖത്ത് അടിഞ്ഞു കൂടിയ മണൽ രണ്ട് വർഷം മുമ്പാണ് നീക്കം ചെയ്തത്. വർഷാരംഭത്തിനു മുമ്പുതന്നെ മണൽ നീക്കം ചെയ്യണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായിരുന്നു. ഈ ആവശ്യം ഉന്നയിച്ച് സ്ഥലത്തെ  പൂഴി ത്തൊഴിലാളികൾ നേരത്തെ കുമ്പള പ്രസ് ഫോറത്തിൽ വാർത്ത സമ്മേളനം നടത്തിയിരുന്നു. പിന്നീട് ഏതാനും രാഷ്ട്രീയ പ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും ശ്രമഫലമായി മണൽ നീക്കം ചെയ്ത് അഴിമുഖം തുറക്കാൻ ബന്ധപ്പെട്ട അധികാരികളുടെ അനുമതി ലഭിച്ചു. തുടർന്ന് കഴിഞ്ഞയാഴ്ച അഴിമുഖം തുറക്കാനുള്ള ശ്രമം ആരംഭിച്ചെങ്കിലും ഇതുവരെ വെള്ളം കടലിലേക്ക് ഒഴുക്കിവിടാൻ കഴിഞ്ഞിട്ടില്ല. ശനിയാഴ്ച സന്ധ്യ വരെ ശ്രമം തുടർന്നെങ്കിലും പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ശ്രമം വിജയിച്ചില്ല.

കാലവർഷം ശക്തിപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ ദിവസം കുഴക്കുനിന്നും പുഴയിൽ വെള്ളം എത്തിയിരുന്നു. ഇന്നു കൂടി അഴിമുഖം തുറക്കാൻ കഴിഞ്ഞില്ലെങ്കിൽ പുഴയോര പ്രദേശത്തെ വീടുകൾ വെള്ളത്തിനടിയിലാകുമെന്ന അവസ്ഥയാണുള്ളത്.
keyword : shiriya-azhimukam-not-remove-sand-Flooding-coastal-areas