"കടൽ ക്ഷോഭത്തിന് ഇരയായവർക്ക് ശാശ്വതമായ പുനരധിവാസത്തിന് പദ്ധതികൾ ആവിഷ്കരിക്കുക" വെൽഫെയർ പാർട്ടികുമ്പള, (ജൂൺ 15, 2019, www.kumblavartha.com) ●മഞ്ചേശ്വരം മണ്ഡലത്തിൽ കടൽക്ഷോഭത്തിനിരയായി വീട് തകർന്നവർക്കും ഏത് നിമിഷവും കടൽ ക്ഷോഭം ഉണ്ടാവാൻ സാധ്യതയുള്ള ഭീതിയോടെ കഴിയേണ്ടി വരുന്നവർക്കും വേണ്ടി സർക്കാർ ശാശ്വതമായ പുനരധിവാസ പദ്ധതികൾ ആസൂത്രണം ചെയ്ത് എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് വെൽഫെയർ പാർട്ടി മഞ്ചേശ്വരം മണ്ഡലം അടിയന്തിര യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. എല്ലാ വർഷവും കാലവർഷം കനത്ത് കടൽ ക്ഷോഭം ഉണ്ടാവുമ്പോൾ വാഗ്ദാനങ്ങൾ നൽകി പോവുകയല്ലാതെ നാളിതുവരെ പാവപ്പെട്ട മൽസ്യത്തൊഴിലാളികളെയടക്കമുള്ള തീരദേശവാസികൾക്ക് ആവശ്യമായ പുനരധിവാസ പ്രവർത്തനങ്ങൾ നടത്താൻ അധികാരികൾ വിസമ്മതിക്കുന്നത് പ്രതിഷേധാർഹമാണ്. തീര പരിപാലനത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കാത്തതും അനുവദിക്കപ്പെട്ട ഫണ്ടിൽ ശാസ്ത്രീയമായ പദ്ധതികൾ ആവിശ്കരിക്കാത്തതും കാരണമാണ് തീരദേശ വാസികൾക്ക് ഈ ദുരിതം തുടരേണ്ടി വരുന്നത്. വേനൽക്കാലത്ത് നിരന്തരം ഉപ്പു വെള്ളം കുടിക്കേണ്ടി വരുന്ന ഇവർക്ക് കുടിവെള്ളത്തിന് പോലും പദ്ധതിയില്ല. അത് കൊണ്ട് തന്നെ ഇനിയും ഈ അവസ്ഥ തുടർന്നാൽ ശക്തമായ ജനരോശം അധികാരികൾ നേരിടേണ്ടി വരും.മഞ്ചേശ്വരം, മുസോടി, കോയിപ്പാടി, പെർവാട് ഭാഗങ്ങളിലാണ് കടൽക്ഷോഭം കാരണം തീരദേശ വാസികൾ ദുരിതത്തിൽ കഴിയുന്നത്.
വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് അബ്ദുല്ലത്തീഫ് കുമ്പള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ. രാമകൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗംഗളായ അഷ് റഫ് ബായാർ, ഫെലിക്സ് ഡിസൂസ, സാഹിദ ഇല്യാസ്, അബ്ദുല്ലത്തീഫ് കെ.ഐ. തുടങ്ങിയവർ സംസാരിച്ചു. 
 ഉപ്പള മുസോടിയിൽ കടൽക്ഷോഭത്തിനിരയായവരെ നേതാക്കൾ സന്ദർശിച്ചു.
keyword : sea-commotion-victims-Permanent-Plans-rehabilitation-Formulate-Welfare-Party