കാസറഗോഡ് എച്ച് 1 എൻ 1 സ്ഥിരീകരിച്ചു; ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്പരവനടുക്കം സർക്കാർ വയോജന മന്ദിരത്തിലെ രണ്ട് അന്തേവാസികൾക്കും, രണ്ട് ജീവനക്കാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്

പരവനടുക്കം, (ജൂൺ 1, 2019, www.kumblavartha.com) ● സർക്കാർ വയോജന മന്ദിരത്തിലെ 2 അന്തേവാസികൾക്കും 2 ജീവനക്കാർക്കും എച്ച്1എൻ1 സ്ഥിരീകരിച്ച സാഹചര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ്. രോഗ പകർച്ച തടയാനായി രോഗം സ്ഥിരീകരിച്ചവരെ പ്രത്യേകം തയാറാക്കിയ റൂമിലേക്ക് മാറ്റിയിരിക്കുകയാണ്. 

24 സ്ത്രീകൾ ഉൾപ്പെടെ 47 അന്തേവാസികളാണ് മന്ദിരത്തിലുള്ളത്. എന്നാൽ രോഗം പിടിപ്പെടാനുള്ള സാഹചര്യം എന്താണെന്ന് ഇതുവരെയായി തിരിച്ചറിയാനായില്ല. 60 മുതൽ 95 വയസ് വരെയുള്ളവരാണ് ഇവിടെയുള്ളത്. പ്രതിരോധ ശേഷി കുറവായതിനാൽ  ആരോഗ്യ വകുപ്പ് ജാഗ്രതയോടെയാണ് നോക്കുന്നത്. 

സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ ആരോഗ്യ വകുപ്പ് അടിയന്തിര നടപടി സ്വീകരിച്ചു. ജനറൽ ആശുപത്രിയിൽ നിന്നു വിദഗ്ധ സംഘം സ്ഥലം സന്ദർശിച്ച് രോഗ ലക്ഷണങ്ങൾ കണ്ടെത്തിയവർക്ക് ചികിത്സ നൽകി. രോഗ ലക്ഷണം കണ്ടെത്തിയ 5 പേരുടെ തൊണ്ടയിലെ സ്രവം ശേഖരിച്ച് മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഇതിൽ നിന്നാണ് 4 പേർക്ക് എച്ച് വൺ എൻ സ്ഥിരീകരിച്ചത്. 

പനി സ്ഥിരീകരിച്ചതിനെ തുടർന്നു വയോജന കേന്ദ്രത്തിലെ അന്തേവാസികൾക്ക് മാസ്കുകളും പ്രതിരോധ ഗുളികകളും വിതരണം ചെയ്തു. മെഡിക്കൽ സംഘത്തിന്റെ സേവനം മുഴുവൻ സമയവും ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലാ സർവയലൻസ് ഓഫിസർ ഡോ. എ.ടി.മനോജിന്റെ നേതൃത്വത്തിൽ റാപിഡ് റെസ്പോൺസ് ടീം സ്ഥലം സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. 

ചട്ടഞ്ചാൽ പിഎച്ച്സി മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ ദിവസേന രോഗ നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും നടത്തും. പ്രായമായവരായതിനാൽ പ്രത്യേക പരിഗണനയും നൽകും. സന്ദർശകരെ പൂർണമായും ഒഴിവാക്കാൻ നിർദേശം നൽകി.  

എന്താണ് എച്ച്1 എൻ1

സാധാരണ വൈറൽ പനിപോലെയാണ് ലക്ഷണങ്ങൾ. ശ്വസിക്കുന്ന വായുവിലൂടെ അകത്തു കടക്കുന്ന വൈറസ് ശ്വസന വ്യവസ്ഥയെ ബാധിക്കുന്നു. മിക്കവരിലും ഒരു സാധാരണ പനി പോലെ 4-5 ദിവസം കൊണ്ട് ഭേദമാകും. എന്നാൽ ചിലരിൽ അസുഖം ഗുരുതരമാവാൻ സാധ്യതയുണ്ട്. അത് തിരിച്ചറിയുകയും കൃത്യമായ ചികിത്സ നൽകുകയും വേണം.

പ്രധാന ലക്ഷണങ്ങൾ

∙പനിയും ശരീരവേദനയും

∙ തൊണ്ട വേദന, തലവേദന

∙ചുമ – കഫമില്ലാത്ത വരണ്ട ചുമ

∙ ക്ഷീണവും വിറയലും

∙ ചിലപ്പോൾ ഛർദിയും, വയറിളക്കവും

പ്രതിരോധ നടപടികൾ

∙രോഗ ലക്ഷണങ്ങൾ ഉള്ളവർ എത്രയും വേഗം വൈദ്യ സഹായം തേടണം.

∙രോഗ ലക്ഷണങ്ങൾ കുറയുന്നതുവരെ വീടുകളിൽ തന്നെ വിശ്രമിക്കുക. യാത്രകളും മറ്റും ഒഴിവാക്കുക.

∙ആളുകളുമായുള്ള സമ്പർക്കം പരമാവധി കുറയ്ക്കുക 

∙കൈകൾ വൃത്തിയായി കഴുകുക. രോഗിയുമായി സമ്പർക്കം പുലർത്തുന്നവർ ഓരോ തവണയും കൈ കഴുകാൻ മറക്കരുത്.

∙ രോഗബാധിത മേഖലകളിലേക്കുള്ള യാത്രകളും, രോഗം ബാധിച്ചവരെ സന്ദർശിക്കുന്നതും പറ്റുമെങ്കിൽ ഒഴിവാക്കുക.

∙ചുമക്കുമ്പോഴും തുമ്മുമ്പോഴും വായും മുഖവും മൂടുക.

∙രോഗി ഉപയോഗിക്കുന്ന വസ്തുക്കളും തുണികളുമൊക്കെ ശരിയായി മറവു ചെയ്യുക.

∙ആരോഗ്യവകുപ്പിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദേശങ്ങൾ കൃത്യമായി പാലിക്കുക 

∙ഗുരുതരമായ അസുഖത്തിന്റെ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ആശുപത്രിയിൽ എത്തിക്കുക
keyword : kasaragod-h1n1-confirmed-no-need-worry-health-department