പുത്തിഗെയിലുണ്ട് 'ഇമ്മിണി ബല്ല്യ പുത്തകം'കുമ്പള, (ജൂൺ 19, 2019, www.kumblavartha.com) ●കുഞ്ഞുണ്ണിമാഷുടെ വാക്കുകള്‍ കടമെടുത്താല്‍; ' പുത്തന്‍ കാര്യം അകത്തുള്ളത് പുത്തകം '. അതെ പുത്തിഗെ സ്‌കൂളിലെ ഇമ്മിണി ബല്ല്യ പുത്തകത്തിലുണ്ട് കൊച്ചുകുട്ടികളുടെ കുഞ്ഞു ചിന്തകളും കഥകളും പാട്ടുകളും ചിത്രങ്ങളും. കുട്ടികളുടെ സര്‍ഗ്ഗ സൃഷ്ടികള്‍ക്കും വായനാകാര്‍ഡുകള്‍ക്കും ചിത്രങ്ങള്‍ക്കും താളുകള്‍ നല്‍കി പുത്തിഗെ എ.ജെ.ബി സ്‌കൂളിലാണ് 'ഇമ്മിണി ബല്ല്യ പുത്തകം' ഒരുക്കിയത് . മുന്നടി ഉയരവും രണ്ടടി വീതിയുമുള്ള പുസ്തകത്തിന് നൂറിലേറെ താളുകളുണ്ട്. ഈ അധ്യയന വര്‍ഷത്തിലെ ദിനാചാരണ പരിപാടികള്‍, പോസ്റ്ററുകള്‍, എഴുത്തുകാരുടെ ജീവചരിത്രക്കുറിപ്പുകള്‍, ആസ്വാദനക്കുറിപ്പികള്‍ എന്നിവയ്‌ക്കൊപ്പം രക്ഷിതാക്കളുടെ സൃഷ്ടികളും താളുകളായി പുസ്തകത്തില്‍ ഇടംപിടിക്കും. മാര്‍ച്ച് അവസാനവാരം പുസ്തകത്തിന്റെ പ്രകാശനം നടത്താനുള്ള ഒരുക്കത്തിലാണ് സ്‌കൂള്‍ അധികൃതര്‍. വായനാ വാരാഘോഷത്തിന്റെ ഭാഗമായി പ്രധാനാധ്യാപിക ആര്‍.സിന്ധു കുട്ടികള്‍ക്ക് ഇമ്മിണി ബല്ല്യ പുത്തകം കൈമാറി. പരിപാടിയുടെ ഭാഗമായി നല്ല വായന, ഇ-വായന , അമ്മ വായന , സഞ്ചരിക്കുന്ന ലൈബ്രറി, പുസ്തക പ്രദര്‍ശനം തുടങ്ങിയവയും സംഘടിപ്പിക്കും. അധ്യാപകരായ എ.വി ബാബുരാജ്, രാഹുല്‍ ഉദിനൂര്‍, അന്‍വര്‍ ഷാ, സി.എച്ച് സുമന എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.


keyword : immini-balya-pusthakam-puthige