പെരുന്നാൾ ഉഷസ് ; ഐ. മുഹമ്മദ് റഫീഖ് എഴുതുന്നു......


കൊടിയമ്മ, (ജൂൺ 4, 2019, www.kumblavartha.com) ●മാനവ മൈത്രിയുടെയും ഐക്യ ബോധത്തിന്റെയും വിശ്വ സാഹോദര്യത്തിന്റെയും മഹിത സുന്ദര സന്ദേശവുമായി മാനത്ത് പെരുന്നാൾ പിറപുഞ്ചിരി തൂകികഴിഞ്ഞാൽ പിന്നീടുള്ള കാത്തിരിപ്പ് പെരുന്നാൾ പുലരിക്കു വേണ്ടിയാണ്. 
ജീവിതത്തിൽ വിശുദ്ധി നേടാൻ പറ്റിയ ഒരു മാസ കാലത്തെ ആത്മഹർഷം പകരുന്ന രാപ്പലുകൾക്ക് സമാപനം കുറിച്ചു കൊണ്ടാണ് സന്തോഷത്തിന്റെ ഈദുൽ ഫിത്വർ കടന്നു വരുന്നത്. മനസും ശരീരവും നാഥന്റ മുന്നിൽ  സമർപ്പിച്ചതിന്റെ സന്തോഷ സൂചകമാണ് പെരുന്നാൾ. അന്ന് വിശ്വാസിയുടെ സന്തോഷത്തിന് പരിധി നിശ്ചയിക്കാനാകില്ല. വിശ്വാസികളുടെ ഹൃദയാന്തരാളങ്ങളിൽ നിന്നും ആനന്ദത്തിന്റെ അനേകായിരം വർണ്ണങ്ങൾ വിതറിയാണ് ഓരോ ഈദുൽ ഫിത്വറും കടന്നു വരുന്നത്.
പെരുന്നാൾ സുദിനമെന്നത് മറ്റു ദിവസങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ഥമായ പ്രഭാതമാണ്. പ്രകൃതിയുടെ ഏതു കാലവസ്ഥയിലാകട്ടെ പെരുന്നാൾ വിരുന്നത്തിയതെങ്കിലും ആദിവസത്തിലെ  ആഘോഷത്തിന് പൂർണ്ണ ശോഭയും നന്മയുടെ സുഗന്ധവുമുണ്ട്. ഇതൊന്നും തെല്ലും ചോർന്ന് പോവുന്നില്ല എന്നതും ഒരു പ്രതേക തയാണ്.ചെറിയ കുട്ടികളടക്കം  അതിരാവിലെ കുളിച്ചൊരുങ്ങി പുതുവസ്ത്രമണിഞ്ഞ് സുഗന്ധം പൂശി സൃഷ്ടാവിനെ നമിച്ച് പള്ളികളിലും ഈദുഗാഹുകളിലും ഒത്ത് കൂടുന്ന വിശ്വാസിയുടെ സന്തോഷത്തിന് അതിരില്ല. ഇത്തരം പെരുന്നാൾ പ്രഭാതത്തെ സ്മരിക്കുമ്പോൾ തന്നെ വിശ്വാസിക്ക് മാനസിക ഉല്ലാസം കൈവരുന്നു. നമ്മുടെ ജീവിതരീതികളും  സംസ്കാരങ്ങളും കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ട് മലീമസമായിട്ടും പെരുന്നാളാഘോഷങ്ങളുടെ പൊലിമ തെല്ലും മങ്ങിയിട്ടില്ല. സഹോദര സമുദായങ്ങളടക്കം ഏറെ ആദരവോടെ നോക്കി കാണുന്ന മാസവും ആഘോഷവുമാണ് നോമ്പും പെരുന്നാളുകളും.
ഓർമ്മവെച്ച കാലം തൊട്ട് ഇങ്ങോട്ടുള്ള ഓരോ പെരുന്നാളിന്റെയും പ്രഭാതത്തിന് മധുരവും അഘോഷങ്ങൾക്ക് ആഹ്ലാദ പെരുമയും  ഏറിവരികയാണ്. അന്ന് ഓരോ വിശ്വാസിയുടെ സന്തോഷത്തിന് അതിര് നിശ്ചയിക്കാനാവില്ലെന്ന് പറയുമ്പോൾ  ഈ സുന്ദരനുദിനത്തിന്റെ പവിത്രത നഷ്ടപ്പെടുത്തി മനസും ശരീരവും ശുദ്ധികരിച്ച വിശ്വാസി ഒറ്റ നിമിഷം കൊണ്ട് തിന്മയിലേക്കടുക്കന്ന സംഭവങ്ങൾ ഓരോ പെരുന്നാളുകളിലും നമുക്ക്  ദർശിക്കാനാവുന്നു.ചെറിയ പെരുന്നാൾ എന്നാൽ ഈദുൽ ഫിത്വർ ആണ്. ഫിത്വർ സക്കാത്തിനും മറ്റു ജീവകാരുണ്യ പ്രവർത്തനത്തിനുമാണ് നാം പ്രാധാന്യം നൽകേണ്ടത്. കുടുംബ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനും സുഹൃദ് ബന്ധങ്ങൾ സുദൃഢമാക്കുവാനുമാണ് ഈ ദിവസത്തിൽ നാം സമയം കണ്ടത്തേണ്ടത്. അല്ലാതെ ഒരു മാസ കാലത്തെ വ്രതാനുഷ്ഠാനങ്ങളിലും ദാനധർമ്മങ്ങളിലുമായി വിശ്വാസി ആർജിച്ചെടുത്ത ഉത്തമ സ്വഭാവ ഗുണങ്ങളെ ചീത്ത വഴക്കങ്ങൾ കൊണ്ട് മലിനീകരിക്കാനല്ല എന്ന ബോധമാണ് നമ്മിൽ ഉണരേണ്ടത്. പെരുന്നാൾ നിലാവ് തെളിഞ്ഞാൽ തക്ബീർ ചൊല്ലിയും നാഥനെ സ്തുതിച്ചും അതിനെ  സ്വീകരിക്കേണ്ടതിനു പകരം അങ്ങാടികളിൽ അഭയം കണ്ടെത്തുന്നവരായി നാം മാറിയോ എന്ന് ഒരോ വിശ്വാസിയും ആത്മപരിശോദന നടത്തണം. പെരുന്നാളിന്റെ സത്ത ഉൾക്കൊണ്ട് ആഘോഷങ്ങള ആവോളം  ഉണർത്തേണ്ടതിന് പകരം നമ്മൾ ദിശതെറ്റി ഓടിക്കൊണ്ടിരിക്കുകയാണ്. ചിലർ അടിച്ചു പൊളിക്കലിന്റെ തിരക്കിലാണ് പാതയോരങ്ങളിൽ പാട്ടും വെച്ച് സിനിമാ ഗാനങ്ങളുടെ ഈരടിയിൽ ആനന്ദനൃത്തം ചവിട്ടുന്നവരായി മാറിയിരിക്കുന്നു. അന്ന് പ്രാർത്ഥനാനിരതമായ നിമിഷങ്ങളാണ് നമ്മിൽ നിന്നുണ്ടാവേണ്ടത്. പ്രാർത്ഥനക്കുത്തരം ലഭിക്കുന്ന അപൂർവ്വം നിമിഷങ്ങളിൽ ഏറ്റവും പ്രധാനപെട്ടതിൽ  പെരുന്നാൾ പകലുകളുമുണ്ട്. അള്ളാഹു ആദരിച്ച ദിവസമാണ് ഈദുൽ ഫിത്വർ.അള്ളാഹു ആദരിച്ചതിനെ നാം ആദരിക്കേണ്ടതായിട്ടുണ്ട്. പെരുന്നാൾ ദിനത്തിന്റെ മാന്യത പരിരക്ഷിക്കുക.ഈ ദിവസത്തിന്റെ മാന്യതക്ക് നിരക്കാത്ത പ്രവൃത്തികൾ നമ്മിൽ നിന്നുണ്ടാവരുത്. ഇസ്ലാം ചില സുദിനങ്ങളെ ആഘോഷിക്കാൻ കൽപ്പിക്കുന്നത്  അതിൽ അതിന്റെ പാഠങ്ങൾ ഉൾക്കൊള്ളാനും തത്ത്വങ്ങൾ മനസിലാക്കാനും വേണ്ടിയാണ്. തത്ത്വങ്ങൾ പ്രയോഗിക ജീവിതത്തിൽ കാണിച്ചു കൊടുക്കാൻ കൂടിയാണ് നിർദേശിക്കുന്നത്. സ്വന്തം കാര്യങ്ങൾ നന്നാക്കി തീർക്കുന്നതോടൊപ്പം സഹജീവികളെ സത്യത്തിന്റെയും നന്മയുടെയും മാർഗത്തിലേക്ക് ക്ഷണിക്കലും നയിക്കലും നമ്മുടെ കടമയെന്നിരിക്കെ നന്മ ഉപദേശിക്കുകയും തിന്മ വെടിയുകയും ചെയ്യുന്ന പ്രവർത്തനങ്ങളാണ് നമ്മിൽ നിന്നുണ്ടാവേണ്ടത്. പെരുന്നാളിന്റെ അനന്ദ സന്തായകമായ പൊൻപുലരിയിൽ പിന്നിട്ട പുണ്യമാസത്തിലേക്കൊന്ന് തിരിഞ്ഞ് നോക്കുക. വിശുദ്ധ റമളാനിനെ അർഹമായ രീതിയിൽ നാം പരിഗണിച്ചുവോ ?അതിനെ യതാർത്ഥം ആദരിക്കുവാൻ നമുക്ക് കഴിഞ്ഞുവോ? നമ്മുടെ നോമ്പ് അള്ളാഹുവിന്റെടുക്കൽ കുറ്റമറ്റതാക്കാൻ കഴിഞ്ഞോ എന്നിവ നാം മനസിരുത്തി ആലോചിക്കേണ്ടതാണ്. നമുക്ക് അള്ളാഹു കനിഞ്ഞ് നൽകിയ പുണ്യങ്ങളുടെ വസന്തകാലത്തെ അർഹിക്കുന്ന തരത്തിൽ ആദരിക്കാതെ പെരുന്നാൾ ആഘോഷിക്കുക മാത്രമാണോ നമ്മുടെ ലക്ഷ്യം. ആധാർമ്മികതകൾ ആടി തിമർക്കുന്ന ആഘോഷങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ഥമായി ചെറിയ പെരുന്നാൾ സുദിനത്തെ കാണേണ്ടതുണ്ട്. ആഘോഷങ്ങൾ അതിര് കടക്കാതെ നാം സൂക്ഷിക്കണം. ആഘോഷങ്ങൾ നിരവധി കാണുന്നവരാണ് നാം. ഈ ആഘോഷങ്ങൾക്ക് ഭക്തിയുടെ സുഗന്ധമോ ആത്മീയതയുടെ സൗരഭ്യമോ ഇല്ല. അധർമ്മ അനാചാര ആഭാസങ്ങൾ മാത്രമാണ് നിറഞ്ഞ് നിൽക്കുന്നത്. എന്നാൽ ഒരു വിശ്വാസിയുടെ പെരുന്നാൾ അപ്രകാരമാകാൻ പറ്റുമോ ഒരിക്കലുഇല്ല. ഇസ്ലാം വിനോദത്തിനോ ആഘേഷങ്ങൾക്കോ എതിരല്ല പക്ഷേ ദൈവീക തൃപ്ത്തിക്ക് ഭംഗം വരുത്തുന്ന അരുതായ്മകൾ നിറഞ്ഞ ഉല്ലാസത്തെ ഒരിക്കലും ഇസ്ലാം അംഗീകരിക്കുന്നില്ല. എന്ത് ആഹ്ലാദങ്ങൾക്കും അനുമതി നൽകപ്പെട്ട ദിനം എന്ന തിരശ്ശീലക്ക് പിന്നിൽ നിന്ന് കൊണ്ട് മുസൽമാൻമാർ അതിര് വിട്ട അഭാസങ്ങളിലേക്ക് പോകുന്നത് ഇസ്ലാം വിലക്കിയ സംഭവമാണ്.
വ്രതത്തിലൂടെ നേടിയെടുത്ത വിവർണ്ണാതീതമായ ആത്മീയാനന്ദത്തിന്റെ പ്രകട രൂപമാണ് പെരുന്നാളുകളെ ആരാധനാ മയമാക്കുന്നത്. അതിനാൽ ആത്മീയ ചൈതന്യം നിലനിർത്തിയും സമുദായ ഐക്യംസുദൃഢമാക്കിയും ഈ പെരുന്നാളിനെ നമുക്ക് ഉപയോഗപ്പെടുത്താം. ഓർമ്മയിൽ കുളിര് ചൊരിഞ്ഞ് വീണ്ടുമൊരു ചെറിയ പെരുന്നാൾ പ്രഭാതവും നമ്മേ വിട്ട് പിരിയുമ്പോൾ നമുക്ക് പ്രത്യാശിക്കാം. മനസും നാടും നന്നാവട്ടെ.....
എല്ലാ വായനക്കാർക്കും ഈദുൽ ഫിത്വർ ആശംസകൾ 
keyword : article-perunnal-ushass-i-muhammed-rafeeque-writing