കുമ്പള, (ജൂൺ 6, 2019, www.kumblavartha.com) ●അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ പുതിയ അധ്യയന വര്‍ഷത്തില്‍ പുത്തിഗെയുടെ അക്ഷരമുറ്റത്തേക്ക് ആവേശത്തോടെ നവാഗതരെത്തി. കുമ്പള ഉപജില്ലയില്‍ പ്രൈമറി വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയാണ് പുത്തിഗെ എ.ജെ.ബി സ്കൂളില്‍ ഉത്സവാന്തരീക്ഷത്തില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചത്. 100 കുട്ടികള്‍ ഒന്നാംതരത്തിലേക്കും 98 കുട്ടികള്‍ പ്രീപ്രൈമറി ക്ലാസിലും ഇവിടെ പ്രവേശനം നേടി. വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെയാണ് നവാഗതരെ വരവേറ്റത്. ചിത്രങ്ങളും വര്‍ണ്ണബലൂണുകളും വിതാനങ്ങളും കൊണ്ട് സ്കൂള്‍ പരിസരം അലങ്കരിച്ചു മനോഹരമാക്കി. പുത്തിഗെ ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജെ.അരുണ നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റെ അബ്ദുള്‍ റഹ്മാന് അധ്യക്ഷത വഹിച്ചു. കുമ്പള എ.ഇ.ഒ ഇന്‍ ചാര്‍ജ് ഗോപാലകൃഷ്ണ ഭട്ട്, ബി.പി.ഒ എന്‍.വി കുഞ്ഞികൃഷ്ണന്, ഡയറ്റ് അധ്യാപകന് വിനോദ് പെരുമ്പള, പഞ്ചായത്ത് അംഗം ശാന്തി, സ്കൂള്‍ മാനേജര്‍ സി.എം അശോക് കുമാര്‍, സജിനി, വേണുഗോപാല റൈ, ഗോപാല മുഗുറോഡ്, അബുബക്കര്‍ ഊജംപദാവ് എന്നിവര്‍ പ്രസംഗിച്ചു. പ്രധാനാധ്യാപിക ആര്.സിന്ധു സ്വാഗതവും സി.എച്ച് സുമന നന്ദിയും പറഞ്ഞു.
keyword : aksharamutam-colorful-entry-feast