ലോറിയും ആംബുലന്‍സും കൂട്ടിയിടിച്ച് എട്ട് മരണം
പാലക്കാട്, (ജൂൺ 9, 2019, www.kumblavartha.com) ●തണ്ണിശ്ശേരിയില്‍ ആംബുലന്‍സും മീന്‍ലോറിയും കൂട്ടിയിടിച്ച് എട്ടു പേര്‍ മരിച്ചു. ആംബുലന്‍സില്‍ ഉണ്ടായിരുന്നവരാണ് അപകടത്തില്‍ മരിച്ചത്. നെന്മാറയില്‍ നിന്ന് പാലക്കാട് ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലന്‍സ്. വാടാനംകുറിശ്ശി സ്വദേശികളായ സുബൈര്‍, ഫവാസ്, നാസര്‍, ഷൊര്‍ണൂര്‍ സ്വദേശികളായ ഉമ്മര്‍ ഫറൂഖ്, ഷാഫി, നെന്മാറ സ്വദേശികളായ സുധീര്‍, വൈശാഖ്, നിഖില്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ഒരു കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. 

അതേസമയം അപകടത്തിന് കാരണം ലോറിയുടെ വേഗമല്ലെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന് കാരണം ആംബുലന്‍സ് ഡ്രൈവറുടെ അശ്രദ്ധയായിരിക്കാമെന്നും നിഗമനമുണ്ട്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്.


നെല്ലിയാമ്പതിയില്‍ വിനോദയാത്ര പോകവെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടിരുന്നു. തുടര്‍ന്ന് നെന്മാറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രഥമ ശുശ്രൂഷ നല്‍കിയതിന് ശേഷം ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ആംബുലന്‍സ് അപകടത്തില്‍ പെട്ടത്. നെല്ലിയാമ്പതിയിലെ അപകടത്തില്‍ ഇവര്‍ക്ക് ചെറിയ പരിക്കുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അപകട വിവരം അറിഞ്ഞ് നാട്ടില്‍ നിന്ന് ചില ബന്ധുക്കള്‍ നെന്മാറയില്‍ എത്തിയിരുന്നു. 

ഇവിടെ നിന്ന് ബന്ധുക്കളില്‍ രണ്ടുപേര്‍ ഇവരോടൊപ്പം ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയിലേക്ക് കൂടെ വന്നിരുന്നുവെന്നാണ് വിവരം. അപകടത്തില്‍ ആംബുലന്‍സിലുണ്ടായിരുന്ന എല്ലാവരും മരിച്ചുവെന്നാണ് വിവരം. ആംബുലന്‍സ് വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുക്കാന്‍ സാധിച്ചത്. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സിപിഎം നേതാവ് രാജേഷ്, പട്ടാമ്പി എംഎല്‍എ ഷാഫി പറമ്പില്‍ എന്നിവര്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്.keyword : accident-palakkad-thannisheri-lorry-ambulance-8-death