പ്രശസ്ത നാടകകൃത്തും സാഹിത്യകാരനായ ഗിരീഷ് കർണാട് അന്തരിച്ചു


ബെംഗളൂരു, (ജൂൺ 10, 2019, www.kumblavartha.com) ●പ്രശസ്ത കന്നഡ സാഹിത്യകാരനും ജ്ഞാനപീഠ ജേതാവും നാടകകൃത്തും ചലച്ചിത്രകാരനുമായ ഗീരീഷ് കർണാട് (81) അന്തരിച്ചു. രോഗബാധിതനായി ദീർഘകാലമായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ ബെംഗളൂരുവിലായിരുന്നു അന്ത്യം.
1974-ൽ പദ്മശ്രീയും 1992-ൽ പദ്മഭൂഷണും നൽകി രാജ്യം കർണാടിനെ ആദരിച്ചു. ദേശീയ പുരസ്കാരം നേടിയ സംസ്കാര(1970) എന്ന കന്നട ചലച്ചിത്രത്തിന്റെ സംവിധായകനാണ്. സംവിധായകൻ, വിമർശകൻ, വിവർത്തകൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു.

കന്നടയിൽ എഴുതിയ ആദ്യത്തെ നാടകം യയാതിയും ഹയവദനയും രാജ്യാന്തര ശ്രദ്ധനേടി. തുഗ്ലക്ക് ഏറ്റവും പ്രധാനപ്പെട്ട രചനയായി അറിയപ്പെടുന്നു. നെഹ്റുവിയൻ യുഗത്തെക്കുറിച്ചുള്ള പിടിച്ചുലയ്ക്കുന്ന ഒരു ദൃഷ്ടാന്ത കഥയായ ഈ നാടകത്തിലൂടെ ഗിരീഷ് കർണാട് ഇന്ത്യൻ നാടകവേദിയിൽ തന്റെ സ്ഥാനമുറപ്പിച്ചു.

തുടർന്നുള്ള നാല് ദശകങ്ങളിൽ, ചരിത്രവും പുരാവൃത്തവും ഇതിവൃത്തമാക്കി സമകാലീന പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്ന അതിപ്രശസ്തങ്ങളായ ഒട്ടനവധി നാടകങ്ങൾ അദ്ദേഹം രചിച്ചു. ഇതിനിടെ ചലച്ചിത്രരംഗത്തും വ്യക്തിമുദ്ര പതിപ്പിക്കാൻ കർണാടിന് കഴിഞ്ഞു. നടൻ, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ മേഖലകളിൽ നിരവധി ബഹുമതികളദ്ദേഹം കരസ്ഥമാക്കി.

ചിക്കാഗോ യൂണിവേഴ്സിറ്റിയിൽ വിസിറ്റിങ് പ്രൊഫസറും ഫുൾ്രൈബറ്റ് സ്കോളറുമായിരുന്നു. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ചെയർമാൻ സ്ഥാനവും വഹിച്ചിട്ടുണ്ട്.

1938 മെയ് 19ന് മഹാരാഷ്ട്രയിലെ മാതേണിലാണ് ജനിച്ചത്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് റോഡ്സ് സ്കോളർഷിപ്പിനോടൊപ്പം തത്ത്വശാസ്ത്രത്തിലും രാഷ്ട്ര മീമാംസയിലും സാമ്പത്തികശാസ്ത്രത്തിലും ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.

പ്രായാധിക്യവും അസുഖങ്ങളും തളർത്താതെ പൊതു ചർച്ചകളിലും സാഹിത്യോത്സവ വേദികളിലും സജീവമായി പങ്കെടുത്തിരുന്നു. മാധ്യമപ്രവർത്തകർക്കും എഴുത്തുകാർക്കുമെതിരെ രാജ്യത്തുണ്ടായ അക്രമങ്ങൾക്കെതിരെ ശക്തമായ ശബ്ദമുയർത്തി. ഗൗരി ലങ്കേഷ്, എം.എം.കൽബുർഗി തുടങ്ങിയവരുടെ കൊലപാതകങ്ങളിൽ പ്രതിഷേധിച്ച് നടന്ന ബെംഗളൂരുവിൽ നടന്ന സമര പരിപാടികളിലും അദ്ദേഹം പങ്കെടുത്തിരുന്നു.
keyword : Popular-drama-writer-Literature-Girish-Karnad-passes-away