തിരുവനന്തപുരം, (ജൂൺ 24, 2019, www.kumblavartha.com) ●ഹയര്‍ സെക്കന്‍ഡറി, എന്‍.എസ്.ക്യു.എഫ്. (വി.എച്ച്.എസ്.ഇ.) ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ്-സപ്ലിമെന്ററി പരീക്ഷ ജൂലായ് 22 മുതല്‍ 29 വരെ നടക്കും. ഗള്‍ഫ് മേഖലയിലെ സ്കൂളുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് യു.എ.ഇ.യിലുള്ള പരീക്ഷാ കേന്ദ്രത്തിലോ അതത് വിഷയ കോമ്പിനേഷനുള്ള കേരളത്തിലെ ഏതെങ്കിലും പരീക്ഷാ കേന്ദ്രത്തിലോ എഴുതാം. മാര്‍ച്ചിലെ ഒന്നാംവര്‍ഷ പരീക്ഷയില്‍ എഴുതിയ ആറു വിഷയങ്ങളില്‍ മൂന്നെണ്ണം വരെ സ്കോര്‍ മെച്ചപ്പെടുത്തുന്നതിനും രജിസ്റ്റര്‍ ചെയ്ത് പരീക്ഷ എഴുതാത്ത വിഷയങ്ങള്‍ എഴുതാനും റഗുലര്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമുണ്ട്. ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയിലോ സപ്ലിമെന്ററി പരീക്ഷയിലോ ആറു വിഷയങ്ങളും എഴുതിയിട്ടുണ്ടെങ്കിലേ റഗുലര്‍ വിദ്യാര്‍ഥികള്‍ക്ക് 2020 മാര്‍ച്ചിലെ രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാനാകു.
മറ്റു പരീക്ഷാ ബോര്‍ഡുകളില്‍ നിന്നും രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി കോഴ്സിലേക്ക് പുനഃപ്രവേശനം നേടിയവര്‍ (ലാറ്ററല്‍ എന്‍ട്രി വിഭാഗം) സപ്ലിമെന്ററി പരീക്ഷ എഴുതിയാലേ രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാനാവൂ. രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി കോഴ്സ് പൂര്‍ത്തിയാക്കി 2015 മുതലുള്ള ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തെങ്കിലും പരീക്ഷ എഴുതാന്‍ കഴിയാതിരുന്നവര്‍ സപ്ലിമെന്ററി പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യുന്നതോടെ 2020 മാര്‍ച്ചിലെ രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ യോഗ്യത നേടും.
2015 മുതലുള്ള ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യുകയോ എഴുതുകയോ ചെയ്തവര്‍ രണ്ടാം വര്‍ഷത്തില്‍ പരാജയപ്പെട്ട വിഷയങ്ങള്‍ എഴുതാന്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യണം. കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഇലക്ട്രോണിക് സിസ്റ്റംസ് വിഷയങ്ങള്‍ ഒഴികെയുള്ളവയ്ക്ക് 2014 പ്രവേശനം മുതലുള്ള പാഠ്യപദ്ധതി പ്രകാരമുള്ള സിലബസിലാണ് പരീക്ഷ. കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയും ഇലക്ട്രോണിക് സിസ്റ്റംസും പുതിയ സിലബസിലും പഴയതിലും പരീക്ഷ ഉണ്ടായിരിക്കും.
കമ്പാര്‍ട്ട്മെന്റല്‍ വിദ്യാര്‍ഥികള്‍ക്ക് ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് ഒറ്റത്തവണ രജിസ്ട്രേഷനാണ്. രജിസ്റ്റര്‍ ചെയ്യുന്ന വിഷയത്തില്‍ 2019-ലെ ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്കും 2020-ലെ രണ്ടാം വര്‍ഷ പരീക്ഷയ്ക്കും രജിസ്റ്റര്‍ ആകും. പരീക്ഷാ ഫീസ് ഒന്നിച്ച് ഒടുക്കണം. റഗുലര്‍, ലാറ്ററല്‍ എന്‍ട്രി വിഭാഗക്കാര്‍ 25-നകവും കമ്പാര്‍ട്ട്മെന്റല്‍ വിഭാഗക്കാര്‍ ജൂലായ് മൂന്നിനകവും ഫീസ് അടയ്ക്കണം. റഗുലര്‍, ലാറ്ററല്‍ എന്‍ട്രി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഒരു പേപ്പറിന് 175 രൂപയാണ് ഫീസ്. സര്‍ട്ടിഫിക്കറ്റ് ഫീസ് 40 രൂപ. കമ്പാര്‍ട്ട്മെന്റല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പരീക്ഷാഫീസ് ഒരു പേപ്പറിന് 225 രൂപ. സര്‍ട്ടിഫിക്കറ്റിന് 80 രൂപ. വിജ്ഞാപനം www.dhsekerala.gov.in-ല്‍ ലഭിക്കും.
keyword : PLUSONE-VHSE-Improvement-SupplementaryExamination-from-July-22nd