കാസർഗോഡ്, (ജൂൺ 13, 2019, www.kumblavartha.com) ●കാസർഗോഡ് സിവിൽ സ്റ്റേഷനിലെയും സമീപ പ്രദേശങ്ങളിലെയും വിവിധ സർക്കാർ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ആയിരക്കണക്കിന് ജീവനക്കാർ ജോലിക്കെത്തുന്നതിന് ആശ്രയിച്ചു വരുന്ന കണ്ണൂർ - മംഗലാപുരം പാസഞ്ചറിന്റെ സമയം അര മണിക്കൂറോളം നേരത്തെ ആക്കാനുള്ള നടപടി പുന:പരിശോധിക്കണമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്.ഇ.യു.) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
നിലവില്‍ രാവിലെ 9.30ന് മുമ്പ് കാസർഗോഡ് എത്തിച്ചേരുന്ന പാസഞ്ചറിന് വരുന്ന ജീവനക്കാർക്ക് ഓഫീസുകളിൽ പത്ത് മണിക്ക് മുമ്പ് തന്നെ എത്തിച്ചേരാൻ സാധിച്ചിരുന്നു. മലയോര മേഖലയടക്കമുള്ള ഉൾപ്രദേശങ്ങളിൽ നിന്ന് വരുന്ന ജീവനക്കാർക്ക് അര മണിക്കൂറിലധികം നേരത്തെ റെയിൽവെ സ്റ്റേഷനുകളിൽ എത്തിച്ചേരുക ദുഷ്കരമാണ് റെയില്‍വെ സ്റ്റേഷനുകളിലേക്കുള്ള ബസ്സുകളുടെ സമയം പല സ്ഥലത്തും ക്രമീകരിച്ചിട്ടുള്ളത് പാസഞ്ചറിന്റെ സമയവുമായി ബന്ധപ്പെടുത്തിയാണ്. രാവിലെ ചെന്നൈ സൂപ്പർഫാസ്റ്റ് ഉൾപ്പടെ മംഗലാപുരത്തേക്ക് വണ്ടികൾ ഉള്ളതുകൂടി പരിഗണിച്ച് പാസഞ്ചറിന്റെ സമയം പഴയതുപോലെ ആക്കുന്നതിനുള്ള നടപടികള്‍ക്കായി എസ്.ഇ.യു.ജില്ലാ കമ്മിറ്റി കാസറഗോഡ് എം.പി രാമോഹന്‍ ഉണ്ണിത്താന് നിവേദനം നല്കി.
സംസ്ഥാന വൈസ് പ്രസിഡണ്ട് നാസര്‍ നങ്ങാരത്ത്, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ ഷഫീഖ്.ഒ.എം, അന്‍വര്‍.ടി.കെ, ജില്ലാ പ്രസിഡണ്ട് സലീം.ടി, സെക്രട്ടറി അബ്ദുല്‍ റഹ്മാന് നെല്ലിക്കട്ട, ട്രഷറര്‍ സിയാദ്.പി, എ.എ.മുഹമ്മദ് കുഞ്ഞി, മുഹമ്മദലി.കെ.എന്‍.പി, അഷ്റഫലി ചേരങ്കൈ, ആസിയ ആദൂർ, മുസ്തഫ.കെ.എ, അബ്ബാസ് കുളങ്കര, റാഷിദ.കെ.എ തുടങ്ങിയവര്‍ സംബന്ധിച്ചു.
keyword : Kannur-Mangalore-Passenger-Time-changer-should-be-checked-SEU