കനത്ത ചൂട്‌; കേരള എക്‌സ്പ്രസില്‍ നാല്‌ യാത്രക്കാര്‍ മരിച്ചു, ഒരാളുടെ നില അതീവഗുരുതരം


ഝാൻസി, (ജൂൺ 11, 2019, www.kumblavartha.com) ●ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ കേരള എക്സ്പ്രസില്‍ കനത്ത ചൂടിനെത്തുടര്‍ന്ന് കോയമ്പത്തൂര്‍ സ്വദേശികളായ നാലുയാത്രക്കാര്‍ മരിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ഒരാളെ അതീവഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആഗ്രയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സ്ലീപ്പര്‍ കോച്ചില്‍ യാത്രചെയ്തവരാണ് അപകടത്തില്‍പ്പെട്ടത്. പച്ചയ (80), ബാലകൃഷ്ണന്‍ (67), ധനലക്ഷ്മി (74), സുബ്ബറയ്യ (71) എന്നിവരാണ് മരിച്ചത്. വരാണസിയും ആഗ്രയും സന്ദര്‍ശിക്കാനെത്തിയ 68 അംഗ സംഘത്തില്‍ ഉള്‍പ്പെട്ടവരായിരുന്നു ഇവര്‍. ആഗ്ര കഴിഞ്ഞപ്പോള്‍ തന്നെ ഇവര്‍ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് അബോധാവസ്ഥയിലായി. ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ വെച്ചാണ് മരണം.

മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ കോയമ്പത്തൂരിലുള്ള ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് റയില്‍വേ അധികൃതര്‍ അറിയിച്ചു. വാരണാസിയും ആഗ്രയും സന്ദർശിച്ച് മടങ്ങിയ 68 അംഗ സംഘത്തിൽ ഉൾപ്പെട്ടവരാണ് മരിച്ചത്.

ഡല്‍ഹിയും ഉത്തര്‍ പ്രദേശും ഉയര്‍ന്ന ചൂട് കാരണം പൊള്ളുകയാണ്. ചൊവ്വാഴ്ച ഝാന്‍സിയില്‍ 48.1 ഡിഗ്രി ചൂടാണു രേഖപ്പെടുത്തിയത്. 

കൊടും ചൂടിനെ തുടര്‍ന്ന് ഏഴാം തീയതി ഗാസിപുര്‍ സ്വദേശി രാജേഷ് ഗുപ്തയെ ഖുശിനഗര്‍ എക്‌സ്പ്രസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ജൂണ്‍ 1-ന് സീതയെന്ന പെണ്‍കുട്ടിയെ യുപി ജന്‍സമ്പര്‍ക്ക്ക്രാന്തി എക്‌സ്പ്രസില്‍ മരിച്ചനിലയില്‍ കണ്ടിരുന്നു.
keyword : Heavy-heat-Kerala-Express-Four-passengers-died-Ones-condition-serious