മൂന്ന് പതിറ്റാണ്ടിന്റെ സി പി എം ആധിപത്യം അവസാനിച്ചു; കാസറഗോഡ് നിന്നും ഉണ്ണിത്താൻ പാർലമെന്റിലേക്ക്


കാസറഗോഡ്, (മെയ് 23, 2019, www.kumblavartha.com) ● കാസറഗോഡ് രാജ് മോഹൻ ഉണ്ണിത്താന് ചരിത്ര വിജയം. മണ്ഡലത്തിൽ യു ഡി എഫ് വിജയാഹ്ലാദം തുടങ്ങി. മുപ്പത് വർഷത്തെ ഇടത് കുത്തക അവസാനിപ്പിച്ചാണ് ഉണ്ണിത്താൻ ഡൽഹിക്ക് ടിക്കറ്റെടുത്തത് .  വിജയം ഉറപ്പിച്ചതോടെ കാസര്‍കോട്ട് യു ഡി എഫ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം ആരംഭിച്ചു. വോട്ടെണ്ണല്‍ കേന്ദ്രമായ നെഹ്‌റു കോളജ് പരിസരത്താണ് യു ഡി എഫ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തുന്നത്. എല്‍ ഡി എഫ് ഒരു ലക്ഷത്തിന് മേല്‍ വോട്ടിന് വിജയിക്കുമെന്ന് അവകാശപ്പെട്ട കാസര്‍കോട്ടാണ് ഉണ്ണിത്താന്‍ പുഷ്പം പോലെ വിജയം കൊയ്‌തെടുത്തത്.
ഇടത് നിയമ സഭാ മണ്ഡങ്ങളിലും നേട്ടം കൈവരിക്കാൻ ഉണ്ണിത്താന് കഴിഞ്ഞു.

സി പി എമ്മിന്റെ കോട്ടകളില്‍ പോലും വലിയ മുന്നേറ്റമുണ്ടാക്കാന്‍ ഉണ്ണിത്താന് കഴിഞ്ഞു. വോട്ടെടുപ്പ് കഴിഞ്ഞയുടന്‍ തന്നെ ഉണ്ണിത്താന്‍ വിജയം അവകാശപ്പെട്ടിരുന്നു. 25,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നായിരുന്നു യു ഡി എഫ് വോട്ട് കണക്ക് നോക്കി വിലയിരുത്തിയത്. ഈ വിലയിരുത്തലിനും അപ്പുറമുള്ള വിജയമാണ് ഉണ്ണിത്താന്‍ നേടിയത്. കല്യാശേരി, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞ ഉണ്ണിത്താന് ഉദുമ മണ്ഡലത്തില്‍ 8937 വോട്ടിന്റെ ഭൂരിപക്ഷം നേടി വ്യക്തമായ മേല്‍കോയ്മയാണ് നേടിയിട്ടുള്ളത്. കാസര്‍കോട്, മഞ്ചേശ്വരം, ഉദുമ മണ്ഡലങ്ങളില്‍ വലിയ ലീഡ് നേടിയ യു ഡി എഫ് കാഞ്ഞങ്ങാട് മണ്ഡലത്തില്‍ വെറും 2,000 വോട്ടിനു മാത്രമാണ് പിറകിലുള്ളത്.
keyword : three-decade-CPMs-domination-ended-Kasaragod-Unnithan-Parliament