80 ലക്ഷം രൂപയുടെ കുഴല്‍ പണം പിടികൂടി; ഒരാള്‍ പിടിയില്‍


കാസര്‍കോട്, (മെയ് 31, 2019, www.kumblavartha.com) ● കെ എസ് ആര്‍ ടി സി ബസില്‍ കടത്തുകയായിരുന്ന 80 ലക്ഷം രൂപയുടെ കുഴല്‍പണം എക്‌സൈസ് അധികൃതര്‍ പിടികൂടി. കാസർകോട്-കർണാടക അതിർത്തിയിലെ ആദൂർ ചെക്പോസ്റ്റിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.

ഇന്ന് രാവിലെ അഞ്ചര മണിയോടെ കര്‍ണാടകയില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കര്‍ണാടക കെ എസ് ആര്‍ ടി സി ബസിലെ യാത്രക്കാരനിൽ നിന്നാണ് തുക പിടിച്ചെടുത്തത്. മഹാരാഷ്ട്ര സ്വദേശി സേവാപൂർ സത്തർ ജില്ലയിലെ മൊയൂർ ഭാരത് ദേശ്മുഖ് (23) ആണ് പിടിയിലായത്.ഇയാളെ എക്സൈസ് സംഘം ചോദ്യം ചെയ്ത് വരികയാണ്.


ബസില്‍ മദ്യം കടത്തുന്നതിനെതിരെ പരിശോധന ശക്തമാക്കിയതിന്റെ ഭാഗമായാണ് കുഴല്‍ പണം പിടികൂടാന്‍ കഴിഞ്ഞത്. സ്വര്‍ണക്കടത്ത് സംഘമാണ് കുഴല്‍പണകടത്തിന് പിന്നിലെന്ന വിവരം ലഭിച്ചിട്ടുണ്ടെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. കോഴിക്കോട്ടെ ചില ജ്വല്ലറികളുമായി ബന്ധപ്പെട്ടാണ് സ്വര്‍ണകള്ളക്കടത്ത് ഇടപാട് നടന്നുവന്നിരുന്നതെന്ന വിവരം പുറത്തു വന്നിരിക്കുന്നു. പിടികൂടിയ പണം ആദൂര്‍ പോലീസിന് കൈമാറുമെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.

എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ പി വി രാമചന്ദ്രന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ സന്തോഷ് കുമാര്‍, സുജിത്ത് ടി വി, പ്രഭാകരന്‍ എം എ, വിനോദ് കെ, ഡ്രൈവര്‍ രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കുഴല്‍പണ വേട്ട നടത്തിയത്.

keyword : seized-80-lakh-black-money-one-arrested