സാന്ത്വന സ്പർശവുമായി വീണ്ടും മൊഗ്രാൽ ദേശീയവേദി


മൊഗ്രാൽ, (മെയ് 06 2019, www.kumblavartha.com) ● കാലവർഷത്തെ ഭയന്ന് കഷ്ടപ്പാടിനും ഭയാശങ്കയ്ക്കുമിടയിൽ ഇടിഞ്ഞു വീഴാറായ വീടുകളിൽ ദുരിത ജീവിതം നയിച്ചിരുന്ന മൊഗ്രാലിലെ 3 നിർധന കുടുംബങ്ങൾക്ക്  മൊഗ്രാൽ ദേശീയ വേദിയുടെ സാന്ത്വന സ്പർശം. 
ഇനിയൊരു കാലവർഷത്തെ അതിജീവിക്കാനാവാത്ത വിധം മേൽക്കൂര പൂർണ്ണമായും തകർന്ന് ഏത് നിമിഷവും നിലം പൊത്താറായിരുന്ന മൊഗ്രാൽ ഗാന്ധിനഗറിലെ ദളിത് കുടുംബാംഗമായ ലളിതയുടെ വീടടക്കം രണ്ട് വീടുകളുടെ ആവശ്യമായ നിർമ്മാണ പ്രവർത്തനങ്ങളാണ് ദേശീയവേദി സമയബന്ധിതമായി പൂർത്തീകരിച്ചത്. ഇനി ഈ കുടുംബങ്ങൾക്ക് അടച്ചുറപ്പുള്ള വീട്ടിൽ കാലാവർഷത്തെയും  ഇഴജന്തുക്കളെയും ഭയക്കാതെ അന്തിയുറങ്ങാം.
പ്രവാസികൾ അടക്കമുള്ള ദേശീയവേദി അംഗങ്ങളുടെയും നാട്ടിലെ സുമനസ്സുകളുടെയും സാമ്പത്തിക സഹായത്തിലൂടെയാണ് ഒറ്റ മാസം കൊണ്ട് പദ്ധതി വിജയകരമായി പൂർത്തീകരിച്ചത്. ഇതിന് മുമ്പും ദേശീയവേദി ബൈത്തുസ്സുറൂർ പദ്ധതിയിൽ ഉൾപ്പെടുത്തി പാവപ്പെട്ട കുടുംബങ്ങൾക്ക് വീടുകൾ നിർമിച്ച് നൽകിയിട്ടുണ്ട്.
പണി പൂർത്തീകരിച്ച വീടിന്റെ ഉദ്‌ഘാടനം മൊഗ്രാൽ ഗാന്ധിനഗറിലെ ലളിതയുടെ വീട്ടുമുറ്റത്ത് നടന്ന ലളിതമായ ചടങ്ങിൽ  വെച്ച് കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. എൽ. പുണ്ഡരീകാക്ഷ നിർവഹിച്ചു. മൊഗ്രാൽ ദേശീയവേദി പ്രസിഡന്റ് : എ. എം. സിദ്ദീഖ്റഹ്‌മാൻ അധ്യക്ഷത വഹിച്ചു. മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് മുദരിസ് മുജീബുറഹ്മാൻ നിസാമി മുഖ്യ പ്രഭാഷണം നടത്തി. കുമ്പള ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ബി. എൻ. മുഹമ്മദലി, ടി.എം ശുഹൈബ്, എം.എം റഹ്‌മാൻ, ടി.കെ.അൻവർ, മുഹമ്മദ് അബ്‌കോ, മനാഫ് എൽ.ടി,  ടി.പി  അനീസ്, മുഹമ്മദ് കെ.പി, ബി.കെ.അബ്ദുൽ ഖാദർ,  സീനൻ ഗാന്ധിനഗർ പ്രസംഗിച്ചു.ജന.സെക്രട്ടറി റിയാസ് മൊഗ്രാൽ സ്വാഗതവും ട്രഷറർ എം.വിജയകുമാർ നന്ദിയും പറഞ്ഞു. ചടങ്ങിനെത്തിയവർക്ക് മധുരപലഹാരവും പായസവും വിതരണം ചെയ്തു.
keyword : sandvana-sparsham-mogral-desheeya-vethi-again