നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും കുമ്മനം കേന്ദ്ര മന്ത്രിയാകും


ന്യൂഡൽഹി, (മെയ് 30, 2019, www.kumblavartha.com) ● രണ്ടാം വട്ടവും പ്രധാനമന്ത്രിയായ സത്യപ്രതിജ്ഞ ചെയ്യുന്ന നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങ് വൈകിട്ട് ഏഴിന് നടക്കും. മോദിയോടൊപ്പം അറുപതോളം മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. കേരളത്തിൽ നിന്നും കുമ്മനം രാജശേഖരൻ മന്ത്രിയാകുമെന്നാണ് അറിയുന്നത് - അദ്ദേഹത്തെ പാർട്ടി നേതൃത്വം ഡൽഹിക്ക് വിളിപ്പിച്ചിട്ടുണ്ട്. 
അതിനിടെ സത്യപ്രതിജ്ഞക്ക്  മുൻപായി നരേന്ദ്ര മോദി മഹാത്മാ ഗാന്ധിക്ക് ആദരാഞ്ജലികളർപ്പിച്ചു. രാജ്ഘട്ടിലെത്തിയതിനു പിന്നാലെ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിക്കും മോദി ആദരമർപ്പിച്ചു. രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച വീരജവാന്മാരുടെ സ്മാരകത്തിൽ മോദി പുഷ്പചക്രം സമർപ്പിച്ചു.

ബിജെപി അധ്യക്ഷൻ അമിത് ഷാ, രവിശങ്കർ പ്രസാദ്, മനേകാ ഗാന്ധി, സ്മൃതി ഇറാനി, ജെ.പി.നഡ്ഡ എന്നവരും മോദിയെ അനുഗമിച്ചിരുന്നു. 50 – 60 മന്ത്രിമാരാകും മോദിക്കൊപ്പം ഇന്നു സത്യപ്രതിജ്ഞ ചെയ്യുക. സഖ്യകക്ഷികളിൽനിന്ന് 8 മുതൽ പത്തുവരെ പേർക്ക് മന്ത്രിസ്ഥാനം കിട്ടിയേക്കും. മിസോറാം ഗവർണറായിരുന്ന കുമ്മനം രാജശേഖരനോട് ഡൽഹിലെത്താൻ കേന്ദ്രനേതൃത്വം നിർദേശിച്ചു. അൽഫോൻസ് കണ്ണന്താനം മന്ത്രിസ്ഥാനത്ത് തുടരാനാണു സാധ്യത. ഏകദേശം 8000 പേരാണ് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നത്.‌ വൈകിട്ട് ഏഴിന് രാഷ്ട്രപതി ഭവന്‍ അങ്കണത്തിലാണു സത്യപ്രതിജ്ഞാച്ചടങ്ങ്.

രവിശങ്കര്‍ പ്രസാദ്, നരേന്ദ്ര സിങ് തോമര്‍, അര്‍ജുന്‍ റാം മേഘ്‍വാല്‍, ധര്‍മേന്ദ്ര പ്രധാന്‍, പ്രകാശ് ജാവഡേക്കര്‍, അനുപ്രിയ പട്ടേല്‍ തുടങ്ങിയവര്‍ മന്ത്രിമാരായി തുടരും. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി നിയുക്ത മന്ത്രിമാരുമായി രാവിലെ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മന്ത്രിസഭയില്‍ അംഗമാകാനിടയില്ല. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മന്ത്രിസഭയില്‍നിന്ന് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ച അരുണ്‍ ജയ്റ്റ്ലിയെ പിന്തിരിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ചര്‍ച്ച നടത്തി.

അതേസമയം, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് എന്നിവർ സത്യപ്രതിജ്ഞാച്ചടങ്ങിൽ പങ്കെടുക്കില്ല. മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, സ്ഥാനമൊഴിയുന്ന ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡ എന്നിവർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. കേരളത്തിൽനിന്നുള്ള ബിജെപി, എൻഡിഎ നേതാക്കളും പങ്കെടുക്കും.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതുചരിത്രം രചിച്ചാണ് നരേന്ദ്ര മോദി രണ്ടാം തവണയും പ്രധാനമന്ത്രി പദത്തിലേക്കെത്തുന്നത്. ഒരു ചായക്കടക്കാരന്റെ മകനായി ജനിച്ച്, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നിന്റെ പ്രധാനമന്ത്രി പദത്തിലെത്തിയ സാധാരണക്കാരന്‍. പ്രതിപക്ഷ പാര്‍ട്ടികളുടെ ദയനീയ പരാജയം മോദിക്ക് പോന്ന എതിരാളികളില്ലെന്ന തോന്നല്‍ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ഭരണത്തില്‍ ഒട്ടേറെ വെല്ലുവിളികളാണ് മോദി സര്‍ക്കാരിനെ കാത്തിരിക്കുന്നത്.


ജവഹര്‍ലാല്‍ നെഹ്റുവിനും ഇന്ദിരാഗാന്ധിക്കും ശേഷം പൂര്‍ണബഹുമതിയോടെ തുടര്‍ച്ചയായി രണ്ടാം തവണ അധികാരത്തിലെത്തുന്ന ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര ദാമോദര്‍ദാസ് മോദി. ഇന്ത്യയ്‍ക്ക് സ്വാതന്ത്ര്യം ലഭിച്ച 1947ന് ശേഷം ജനിച്ച് പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ നേതാവ്. പിന്നാക്ക വിഭാഗത്തില്‍ നിന്നു പ്രധാനമന്ത്രിയാകുന്ന രണ്ടാമത്തെ ആള്‍. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടന്ന വര്‍ഗീയ കലാപത്തിന്റെ കരിനിഴല്‍ ചുമക്കുന്ന നേതാവ്. അങ്ങനെ നീണ്ടുനീണ്ടുപോകും മോദിയുടെ നേട്ടവും കോട്ടവും.
keyword : narendra-modi-sworn--power-evening-kummanam-Union-Minister