വാട്സ് ആപ്പ് വോയിസ് കോൾ വഴി ഇസ്രയേലി ചാര വൈറസ് പ്രചരിച്ചു


ന്യൂയോര്‍ക്ക്, (മെയ് 14 2019, www.kumblavartha.com) ● വാട്‌സ്ആപ്പിലെ സാങ്കേതിക പിഴവ് മുതലെടുത്ത് ഫോണുകളില്‍ ഹാക്കര്‍മാര്‍ക്ക് ചാര സോഫ്റ്റ്‌വേറുകള്‍ പ്രചരിപ്പിക്കാന്‍ കഴിഞ്ഞുവെന്ന് വെളിപ്പെടുത്തല്‍. മെയ് ആദ്യവാരമാണ് വോയ്‌സ് കോളിങ് സംവിധാനമുപയോഗിച്ച് ഇസ്രയേലി സോഫ്റ്റ്‌വേര്‍ നിര്‍മാണ സംഘമായ എന്‍എസ്ഒ ഗ്രൂപ്പ് ഇത്തരമൊരു ചാരപ്പണിക്ക് മുതിര്‍ന്നത്. ഈ തകരാര്‍ വാട്‌സ്ആപ്പ് പരിഹരിച്ചതായും ബി.ബി.സി റിപ്പോര്‍ട്ടു ചെയ്തു. സമാനതകളില്ലാത്ത ചാരപ്രവര്‍ത്തനമായാണ് സാങ്കേതിക വിദഗ്ധര്‍ ഇതിനെ നോക്കിക്കാണുന്നത്.

ഒരു അജ്ഞാത നമ്പറില്‍ നിന്നെത്തുന്ന വോയ്‌സ് കോളാണ് ചാര നിരീക്ഷണ സോഫ്റ്റ്‌വേറിനെ ഫോണില്‍ നിക്ഷേപിക്കുക. ഫോണില്‍ അജ്ഞാത നമ്പറില്‍ നിന്ന് കോള്‍ വരും. കോള്‍ എടുത്തില്ലെങ്കിലും അപ്പോഴേക്കും ചാരന്‍ സോഫ്റ്റ്‌വേറുര്‍ നമ്മുടെ ഫോണില്‍ കയറിപ്പറ്റിയിരിക്കും. ഒപ്പം കോള്‍ ലിസ്റ്റില്‍ നിന്ന് ആ നമ്പര്‍ അപ്രത്യക്ഷമാകുകയും ചെയ്യും- ഫിനാന്‍ഷ്യല്‍ ടൈംസില്‍ വന്ന റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി ടെക് ക്രഞ്ച് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 

വിവിധ സര്‍ക്കാരുകള്‍ക്ക് വേണ്ടി സുരക്ഷാ സോഫ്റ്റ്‌വേറുകളും നിരീക്ഷണ പ്രോഗ്രാമുകളും നിര്‍മ്മിക്കുന്ന ഏജന്‍സിയാണ് ഈ ചാരപ്രവര്‍ത്തനത്തിന് പിന്നില്‍ എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്. സൈബര്‍ ആയുധ വ്യാപാരികളെന്നാണ് ഇവര്‍ അറിയപ്പെടുന്നത്. ഒറ്റ ടാപ്പില്‍ ഏത് ഐഫോണും തുറക്കാന്‍ സഹായിക്കുന്ന ദുഷ്ട പ്രോഗ്രാമുകള്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ച് കുപ്രസിദ്ധി നേടിയവരാണ് അവര്‍. ലക്ഷ്യസ്ഥാനത്തുള്ള മൊബൈല്‍ ഫോണില്‍ നിന്ന് പാസ്വേഡുകളും ടെക്സ്റ്റ് മെസേജുകളും ചോര്‍ത്താനും ഫോണ്‍കോളുകള്‍ സ്വീകരിക്കാനും കഴിയുന്ന പെഗാസസ് എന്ന കുപ്രസിദ്ധ ചാര സോഫ്റ്റ്‌വേറിന്റെ നിര്‍മാതാക്കള്‍ കൂടിയാണ് എന്‍.എസ്.ഒ.

കുറച്ചു പേര്‍ മാത്രമേ ആക്രമണത്തിന് വിധേയമായിട്ടുള്ളൂവെന്നാണ് വാട്‌സ്ആപ്പ് അധികൃതര്‍ വ്യക്തമാക്കിയത്. ഈ മാസം ആദ്യം ഹാക്കര്‍മാരുടെ ഇടപെടല്‍ കണ്ടെത്തിയ ഉടന്‍ ഇക്കാര്യം മനുഷ്യാവകാശ സംഘടനകളേയും തിരഞ്ഞെടുത്ത സുരക്ഷാ ഏജന്‍സികളേയും  അമേരിക്കന്‍ നിയമ വകുപ്പിനേയും അറിയിച്ചിരുന്നതായി വാട്‌സ്ആപ്പ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ ഭീഷണിയില്ലെങ്കിലും ലോകവ്യാപകമായി 150 കോടി പേര്‍ ഉപയോഗിക്കുന്ന വാട്‌സ്ആപ്പില്‍ ഇത്തരമൊരു ഇടപെടല്‍ നടന്നത് സാങ്കേതിക ലോകത്തെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
keyword : israeli-spy-virus-spread-throngh-whatsapp-voice-call