ചലച്ചിത്ര - നാടക നടി പി കെ കാഞ്ചന അന്തരിച്ചു


ആലപ്പുഴ, (മെയ് 31, 2019, www.kumblavartha.com) ● ചലച്ചിത്ര - നാടക നടി പി കെ കാഞ്ചന ( 89 ) അന്തരിച്ചു.  വാര്‍ധക്യ സംബന്ധിയായ അസുഖവുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നു.

മലയാള സിനിമയിലെ മുതിര്‍ന്ന അഭിനേത്രികളിലൊരാളായ പികെ കാഞ്ചന സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവു കൂടിയായിരുന്നു. 2016 ൽ ഓലപ്പീപ്പി എന്ന സിനിമയിലൂടെയാണ് മികച്ച സഹനടിക്കുള്ള പുരസ്കാരം കരസ്ഥമാക്കിയത്.

1950 ൽ എം. ശ്രീരാമുലു നായിഡു സംവിധാനം ചെയ്ത 'പ്രസന്ന' എന്ന സിനിമയിലൂടെയായിരുന്നു ഈ നായിക സിനിമയില്‍ തുടക്കം കുറിച്ചത്. നാടകത്തില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയവരിലൊരാളായിരുന്നു കാഞ്ചനയും. ഉദയായുടെ ഉമ്മ, ഇണപ്രാവുകൾ തുടങ്ങിയ സിനിമകളിൽ മുഖ്യവേഷങ്ങൾ കൈകാര്യം ചെയ്തു. വിവാഹത്തോടെയാണ് അവര്‍ സിനിമയോട് വിട പറഞ്ഞത്. നാടക നടനായ കുണ്ടറ ഭാസിയായിരുന്നു കാഞ്ചനയുടെ ഭർത്താവ്. വര്‍ഷങ്ങള്‍ക്ക് ശേഷം ഓലപ്പീപ്പി എന്ന സിനിമയിലൂടെയാണ് നടി വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയത്. ബിജു മേനോന്റെ അമ്മൂമ്മയായുള്ള തിരിച്ചുവരവിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.

ക്രോസ് റോഡ്, കെയര്‍ ഓഫ് സൈറാബാനു തുടങ്ങിയ സിനിമകളിലും അവര്‍ അഭിനയിച്ചിരുന്നു. ക്രോസ് റോഡിലാണ് അവസാനമായി അഭിനയിച്ചത്. 84ാമത്തെ വയസ്സിലായിരുന്നു കാഞ്ചന സിനിമയിലേക്ക് തിരിച്ചെത്തിയത്. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചുവരവിലും തന്നിലെ അഭിനേത്രിയെ പുറത്തെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. കേവലമൊരു തിരിച്ചുവരവ് എന്നതിനും അപ്പുറത്ത് സംസ്ഥാന അവാര്‍ഡിലേക്കുള്ള യാത്ര കൂടിയായിരുന്നു അത്.

താരത്തിന്റെ വിയോഗത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച്‌ സിനിമാലോകം ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്.
keyword : died-film-drama-actress-pk-kanchana