പ്രശസ്ത മാപ്പിളപ്പാട്ടു ഗായകൻ എരഞ്ഞോളി മൂസ അന്തരിച്ചു


തിരുവനന്തപുരം, (മെയ് 06 2019, www.kumblavartha.com) ●പ്രശസ്‌ത മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസ (75) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അല്‍പം മുമ്ബായിരുന്നു അന്ത്യം. ആയിരത്തിലധികം മാപ്പിളപ്പാട്ടുകള്‍ മൂസയുടെ സ്വതസിദ്ധമായ നാദത്തിലൂടെ പുറത്തുവന്നിട്ടുണ്ട്.

തലശ്ശേരിക്കടുത്തുള്ള എരഞ്ഞോളിക്കാരനായ 'വലിയകത്ത് മൂസ'യാണ് പിന്നീട് എരഞ്ഞോളി മൂസ എന്നപേരില്‍ പ്രസിദ്ധനായത്. ഗ്രാമീണ കലാസമിതികളിലൂടെയാണ് അദ്ദേഹം വളര്‍ന്നത്. ശരത്ചന്ദ്ര മറാഠെയുടെ കീഴില്‍ രണ്ടുവര്‍ഷം സംഗീതം പഠിച്ചു. 'അരിമുല്ലപ്പൂമണം ഉള്ളോളെ അഴകിലേറ്റം ഗുണമുള്ളോളെ' എന്നു തുടങ്ങുന്ന ഗാനത്തോടെയാണ് എരഞ്ഞോളി മൂസ പാട്ടുജീവിതം ആരംഭിക്കുന്നത്.

രാഘവന്‍ മാസ്റ്റരുടെ കൈപിടിച്ച്‌ ആകാശവാണിയില്‍ പാടിയത് മുതലാണ് എരഞ്ഞോളി മൂസ എന്നപേര് പ്രസിദ്ധമാകുന്നത്. അടുത്തകാലത്ത് ഹിറ്റായ 'മാണിക്യ മലരായ പൂവി' എന്ന ഗാനം ആദ്യകാലത്ത് ആലപിച്ചതും ഇദ്ദേഹമായിരുന്നു. 'മി അറാജ് ', 'മൈലാഞ്ചിയരച്ചല്ലോ', കെട്ടുകള്‍ മൂന്നും കെട്ടി' തുടങ്ങി നൂറുകണക്കിന് പ്രശസ്തമായ മാപ്പിളപ്പാട്ടുകളും നിരവധി നാടക ഗാനങ്ങളും ഇദ്ദേഹത്തിന്റെതായിട്ടുണ്ട്. മുന്നൂറിലധികം തവണ ഗള്‍ഫ് രാജ്യങ്ങളിലും മൂസ മാപ്പിളപ്പാട്ട് അവതരിപ്പിച്ചിട്ടുണ്ട്.
keyword : died-eranholi-moosa-famous-mapilappatu-singer