പ്രതിഷേധം ഫലം കണ്ടു; ദേശീയപാതയോരത്തെ മാലിന്യം സീതാംഗോളിയിൽ എത്തിച്ചില്ല


സീതാംഗോളി, (മെയ് 10 2019, www.kumblavartha.com) ●ദേശിയ-സംസ്ഥാന പാതകളുടെ വശങ്ങളിലുള്ള മാലിന്യങ്ങൾ മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി നീക്കം ചെയ്ത സീതാംഗോളിയിൽ സംസ്കരിക്കാനുള്ള നീക്കം പ്രതിഷേധത്തെ തുടർന്ന് മാറ്റി. വിവിധ വകുപ്പുകളെയും  ഏജൻസികളെയും ഉപയോഗിച്ചു കൊണ്ട് മാലിന്യം  നീക്കം ചെയ്യാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നു. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് ഇത് ചെയ്യുന്നത്.  കാരട്ക്ക ബ്ലോക്ക് പഞ്ചായത്ത്, കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത്, കാസർഗോഡ് മുൻസിപ്പാലിറ്റി, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് എന്നീ പഞ്ചായത്ത് പരിധിയിലുള്ള 17 പഞ്ചായത്തുകളുടെയും കാസർഗോഡ് നഗരസഭയുടെയും മാലിന്യം പുത്തിഗെ പഞ്ചായത്തിലെ അനന്തപുര ക്ഷേത്ര സമീപം കിൻഫ്രയുടെ സർക്കാർ സ്‌ഥലത്ത്‌ നിക്ഷേപിക്കുവാനാണ് തീരുമാനിച്ചിരുന്നത്. ഇതിനെതിരെ നാട്ടുകാരും പഞ്ചായത്തധികൃതരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
വ്യാഴാഴ്ച മാലിന്യവുമായി വരുന്ന വാഹനങ്ങളെ തടയാനായി നിർദ്ദിഷ്ട സംസ്കരണ സ്ഥലത്തേക്കുള്ള റോഡരികിൽ നിരവധി പേർ എത്തിയിരുന്നു.പഞ്ചായത്ത് പ്രസിഡന്റ് ജെ അരുണ, വൈസ് പ്രസിഡന്റ് പിബി മുഹമ്മദ്, വെൽഫെയർ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ചനിയ പാടി, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ജയന്തി, മെമ്പർമാർ ഇ കെ മുഹമ്മദ് കുഞ്ഞി, വരപ്രസാദ്, ഫായിസ, ചന്ദ്ര എം, സിപിഎം പുത്തിഗെ ലോക്കൽ സെക്രട്ടറി കൃഷ്ണ മാസ്റ്റർ, ബാഡൂർ ലോക്കൽ സെക്രട്ടറി ശിവപ്പ റൈ, സിപിഎം ഏരിയ കമ്മിറ്റി അംഗങ്ങളായ പി ഇബ്രാഹിം, സുബ്ബണ്ണ ആൽവ, മുസ്ലിം ലീഗ് നേതാക്കൾ ഇസ്മായിൽ ഹാജി, റഫീഖ് കണ്ണൂർ, ബിജെപി നേതാക്കൾ ജയന്ത പട്ടാളി, രഞ്ജിത്, അനന്തപുര ക്ഷേത്ര ഭാരവാഹികൾ, കണ്ണൂർ ജുമാമസ്ജിദ് കമ്മിറ്റി ഭാരവാഹികൾ , പ്രദേശ വാസികൾ , മറ്റ്‌ നേതാക്കൾ, തുടങ്ങിയ നേതാക്കളടക്കമുള്ള  വൻ ജൻവാലി  രാവിലെ തന്നെ സ്ഥലത്തെത്തി.
പഞ്ചായത്ത് ഭാരവാഹികളുടെ നേതൃത്വത്തിൽ നാട്ടുകാർ ഒപ്പിട്ട നിവേദനം എ.ഡി എമ്മിന് സമർപ്പിച്ചു. തുടർന്ന് പഞ്ചായത്തധികൃതരും എ.ഡി എമ്മും ചർച്ച നടത്തിയതിനെ തുടർന്ന് മാലിന്യം നിക്ഷേപിക്കുന്നതിൽ നിന്നും പുത്തിഗെ പഞ്ചായത്തിനെ ഒഴിവാക്കിയതായി എഡി എം അറിയിച്ചു. ബഹുജന പ്രതിഷേധം സമാധനപ്രമായി  അവസാനിച്ചു. കുമ്പള അഡിഷണൽ എസ് ഐ യുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്.

keyword : Protests-Success-no-Waste-dumping-seethangoli