കര്‍ണാടക നഗര തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റം


ബെംഗളൂരു, (മെയ് 31, 2019, www.kumblavartha.com) ● കർണാടകയിലെ 1361 നഗര തദ്ദേശസ്ഥാപന വാർഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മുന്നേറ്റം. ബിജെപി രണ്ടാം സ്ഥാനത്തും ജനതാ ദൾ എസ് മൂന്നാമതുമാണ്. കോൺഗ്രസും ജെഡിഎസും സഖ്യമായിട്ടല്ല മത്സരിച്ചത്. ദിവസങ്ങൾക്ക് മുമ്പ് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യം കനത്ത പരാജയം നേരിട്ടിരുന്നു. ഈ മാസം 29-നാണ് തദ്ദേശസ്ഥാപന വാർഡുകളിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്.

ഇതുവരെ ഫലമറിഞ്ഞ 1221 സീറ്റുകളിൽ 509 സീറ്റുകളാണ് കോൺഗ്രസ് നേടിയത്. 366 സീറ്റുകളിൽ ബിജെപിയും 174 എണ്ണത്തിൽ ജെഡിഎസും വിജയിച്ചിട്ടുണ്ട്. ബിഎസ്പിക്ക് മൂന്നും സിപിഎമ്മിന് രണ്ട് സീറ്റുകളും ലഭിച്ചിട്ടുണ്ട്.

ടൗൺ മുനിസിപ്പാലിറ്റികളിലും സിറ്റി മുനിസിപ്പാലിറ്റികളിലും കോൺഗ്രസ് മുന്നേറിയപ്പോൾ ടൗൺ പഞ്ചായത്തുകളിൽ ബിജെപിക്കാണ് നേട്ടം. സിറ്റി മുനിസിപ്പാലികളിലെ 90 സീറ്റുകൾ കോൺഗ്രസ് നേടി. 56 സീറ്റുകൾ ബിജെപി 38 സീറ്റുകളിൽ ജെഡിഎസും ജയിച്ചു. ടൗൺ മുനിസിപ്പാലിറ്റിയിലെ 322 സീറ്റിൽ കോൺഗ്രസും 184 സീറ്റിൽ ബിജെപിയും 102 സീറ്റിൽ ജെഡിഎസും ജയിച്ചു.

ടൗൺ പഞ്ചായത്തിലെ 126 സീറ്റ് ബിജെപി നേടിയപ്പോൾ 97 സീറ്റ് കോൺഗ്രസും 34 സീറ്റ് ജെഡിഎസും നേടി. ടൗൺ മുനിസിപ്പാലിറ്റിയിലെ രണ്ട് സീറ്റുകളിലാണ് സിപിഎം വിജയിച്ചത്.
keyword : Karnataka-urban-local-body-elections-Congress