ഒമാനിൽ കനത്ത മഴ; ഇന്ത്യൻ കുടുംബത്തിലെ ആറു പേരെ ഒഴുക്കിൽ പെട്ടു കാണാതായി


മസ്കത്ത്, (മെയ് 21, 2019, www.kumblavartha.com) ● കനത്ത മഴയെ തുടർന്ന് രൂപപ്പെട്ട മലവെള്ളപ്പാച്ചിലിൽ പെട്ട് കാണാതായ ഇന്ത്യൻ കുടുംബത്തിലെ ആറ് പേരെയും കണ്ടെത്താനായില്ല. വിവിധ സുരക്ഷാ വിഭാഗങ്ങൾ സന്നദ്ധ സേവകരുടെ കൂടി സഹായത്തോടെ വാദി ബനീ ഖാലിദിലും പരിസരങ്ങളിലും പരിശോധന നടത്തിവരികയാണ്. ഇവർ സഞ്ചരിച്ചിരുന്ന കാർ പ്രദേശത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്.
ഹൈദരബാദ് സ്വദേശിയായ സർദാർ ഫസൽ അഹ്മദിന്റെ കുടുംബമാണ് അപകടത്തിൽ പെട്ടത്. വാഹനത്തിൽ നിന്നും പുറത്തേക്കു ചാടിയ ഫസൽ അഹ്മദ് സമീപത്തെ മരത്തിൽ പിടിച്ച് രക്ഷപ്പെട്ടിരുന്നു. ഭാര്യ: അർശി, പിതാവ് ഖാൻ, മാതാവ് ശബാന, മകൾ സിദ്റ (നാല്), മകൻ സൈദ് (രണ്ട്), 28 ദിവസം മാത്രം പ്രായമുള്ള മകൻ നൂഹ് എന്നിവരെയാണ് കാണാതായത്.

കഴിഞ്ഞ മാസമാണ് ഭാര്യ അർശി മകൻ നൂഹിന് ഒമാനിൽ വെച്ച് ജൻമം നൽകിയത്. കുട്ടിയെ കാണുന്നതിന് കഴിഞ്ഞ ദിവസം ഫസൽ അഹ്മദിന്റെ മാതാപിതാക്കൾ ഒമാനിലെത്തിയതായിരുന്നു. ഇബ്ര വിലായത്തിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. ഇബ്രയിലെ ഇബ്നു ഹൈതം ഫാർമസിയിലായിരുന്നു ഖാൻ ജോലി ചെയ്തിരുന്നത്. വാരാന്ത്യ അവധി ആയതിനാൽ വിനോദ സഞ്ചാര കേന്ദ്രമായ വാദി ബനീ ഖാലിദ് സന്ദർശിച്ച് മടങ്ങിവരുന്ന വഴിയാണ് ഇവർ വാദിയിൽ അകപ്പെട്ടത്.
keyword : Heavy-rains-Oman-Six-people-from-Indian-family-went-missing