പ്രമുഖ കോൺഗ്രസ് നേതാവ് ബാലകൃഷ്ണ വോർക്കുഡ്‌ലു അന്തരിച്ചു


കാസര്‍കോട്: (മെയ് 24, 2019, www.kumblavartha.com) ●പ്രമുഖ കോണ്‍ഗ്രസ് നേതാവും കെ പി സി സി നിര്‍വ്വാഹക സമിതി അംഗവുമായ ബാലകൃഷ്ണ വോര്‍ക്കുഡ് ലു (70) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. കാസര്‍കോട് നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്.

അധ്യാപക അവാര്‍ഡ് ജേതാവും ചെങ്കള പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ടുമായിരുന്നു. ജില്ലയില്‍ മുതിര്‍ന്ന സഹകാരിയായ ബാലകൃഷ്ണ വോര്‍ക്കുഡ് ലു ചെങ്കള സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രസിഡണ്ട് കൂടിയാണ്. കാസര്‍കോട് ജില്ലാ സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍, വൈസ് പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ബാലകൃഷ്ണ വോര്‍കുഡ്ലു എടനീര്‍ സ്വാമീജിസ് ഹൈസ്‌കൂളില്‍ ഏറെക്കാലം അധ്യാപകനായി സേവനമനുഷ്ടിച്ചിരുന്നു.

വിദ്യാനഗറിലെ ഡി സി സി ഓഫീസിലും ചെങ്കള സഹകരണ ബാങ്കിലും പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം വീട്ടില്‍ എത്തിച്ച ശേഷം വൈകിട്ട് എടനീരിലെ വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും. ഭാര്യ: ശാന്തകുമാരി (ചെങ്കള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്). മക്കള്‍: ദീപക്, അമ്പിളി.

ബാലകൃഷ്ണ വോര്‍ക്കുഡ് ലുവിന്റെ നിര്യാണത്തില്‍ സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനുശോചിച്ചു. നിര്യാണം വ്യക്തിപരമായി തന്നെ വേദനിപ്പിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ വേര്‍പാട് കേരളത്തിലെ പ്രത്യേകിച്ച് കാസര്‍കോട് ജില്ലയിലെ സഹകരണ മേഖലക്ക് തീരാനഷ്ടമാണ്. കഴിഞ്ഞ സഹകരണ വാരാഘോഷ വേളയിലും തുടര്‍ന്നും വ്യക്തിപരമായുള്ള അടുപ്പം അദ്ദേഹം കാത്തു സൂക്ഷിച്ചിരുന്നു. ആ സൗമ്യ സാമീപ്യവും പെരുമാറ്റവും മാതൃകാപരമായിരുന്നു. സഹകരണ വകുപ്പിന്റെ മുഴുവന്‍ അനുശോചനവും അറിയിക്കുന്നതോടൊപ്പം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി അനുശോചനകുറിപ്പില്‍ അറിയിച്ചു.
keyword : Congress-leader-Balakrishna-Worcudu-passes-away