മുസ്ലിം സ്ത്രീകൾക്ക് പള്ളിയിൽ പ്രവേശനം അനുവദിക്കണമെന്ന ഹരജി സുപ്രിം കോടതി സ്വീകരിച്ചു; സ്ത്രീകള്‍ പ്രാര്‍ഥിക്കേണ്ടത് വീടുകളിലെന്ന് സമസ്ത


ന്യൂഡൽഹി / മലപ്പുറം, ഏപ്രിൽ 16 , 2019 ●കുമ്പളവാർത്ത.കോം : മുസ്‍ലിം പളളികളില്‍ സ്ത്രീപ്രവേശനം ആവശ്യപ്പെട്ട ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും  മുസ്‍ലിം വ്യക്തിനിയമ ബോര്‍ഡിനും കേന്ദ്രസര്‍ക്കാരിനും കേന്ദ്ര വഖഫ് കൗണ്‍സിലിനും സുപ്രീം കോടതി നോട്ടീസയച്ചു. ശബരിമല യുവതീപ്രവേശവിധിയുടെ അടിസ്ഥാനത്തിലാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ തീരുമാനിച്ചതെന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളില്‍ തുല്യത അവകാശപ്പെടാന്‍ കഴിയുമോന്ന് പരിശോധിക്കാനും തീരുമാനിച്ചു.

ജമാ അത്തെ ഇസ്‍ലാമിയുടെയും മുജാഹിദിന്‍റെയും പളളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുമ്പോള്‍ സുന്നി പളളിയില്‍ പ്രവേശനം നിഷേധിക്കുന്നുവെന്നാണ് മഹാരാഷ്ട്രയിലെ മുസ്‍ലിം ദമ്പതികളുടെ പരാതി. പളളിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഹര്‍ജിക്കാരിയെ ആരെങ്കിലും തടയാന്‍ ശ്രമിച്ചോ, മക്കയില്‍ സ്ത്രീകള്‍ക്ക് പ്രവേശനമുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് ജസ്റ്റിസ് എസ്.എ. ബൊബ്ഡെ അധ്യക്ഷനായ ബെഞ്ചില്‍ നിന്ന് ആദ്യമുണ്ടായത്. മക്കയില്‍ സ്ത്രീകള്‍ക്ക് പ്രവേശനവിലക്കില്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ മറുപടി. 

വ്യക്തികളല്ല, സ്റ്റേറ്റില്‍ നിന്ന് ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന ബോര്‍ഡാണ് തടയുന്നത്. പ്രവേശനത്തിന് പൊലീസ് സഹായം ലഭിക്കുന്നില്ലെന്നും ഹര്‍ജിക്കാരി പരാതിപ്പെട്ടു. അന്യന്‍റെ വീട്ടിലേക്ക് പ്രവേശനം നിഷേധിച്ചാല്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെടാന്‍ കഴിയുമോയെന്നായിരുന്നു കോടതിയുടെ മറുചോദ്യം. മുസ്‍ലിം, ക്രിസ്ത്യൻ പള്ളികൾ സർക്കാർ സംവിധാനം അല്ലല്ലോയെന്നും നിരീക്ഷിച്ചു. സർക്കാർ ഇതര സംവിധാനത്തിൽ തുല്യത അവകാശപ്പെടാൻ സാധിക്കുമോ എന്ന് പരിശോധിക്കാമെന്ന് വ്യക്തമാക്കിയ കോടതി, കേന്ദ്രസര്‍ക്കാര്‍, മുസ്‍ലിം വ്യക്തിനിയമ ബോര്‍ഡ്, സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് എന്നിവ അടക്കം ഏഴ് എതിര്‍കക്ഷികള്‍ക്ക് നോട്ടിസ് അയക്കാന്‍ ഉത്തരവിട്ടു.

മലപ്പുറം ∙ മു‌സ്‌ലിം പള്ളികളിലെ സ്ത്രീപ്രവേശത്തോട് യോജിപ്പില്ലെന്നും സ്ത്രീകൾക്ക് ആരാധനയ്ക്ക് വീടാണ് ഉത്തമമെന്നും സമസ്ത കേരള ജംഇയ്യത്തുൽ ജനറൽ സെക്രട്ടറി പ്രഫ.കെ. ആലിക്കുട്ടി മുസല്യാർ. പള്ളികളിലെ സ്ത്രീപ്രവേശം ആവശ്യപ്പെടുന്ന ഹർജി സുപ്രീം കോടതി പരിഗണിക്കുന്നതു സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സുപ്രീം കോടതിയിൽനിന്ന് വിശ്വാസത്തിന് അനുകൂലമായ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷ. വിശ്വാസകാര്യങ്ങൾ വിശ്വാസികൾക്കു വിട്ടുകൊടുക്കണം. അതിൽ കോടതി ഇടപെടുന്നത് ശരിയല്ല. ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിലും ഇതുതന്നെയാണ് നിലപാട്.  ബ്രിട്ടീഷ് ഭരണകാലം മുതൽക്കേ വ്യക്തിനിയമങ്ങൾ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഹിന്ദുവായാലും ക്രിസ്ത്യാനി ആയാലും മുസ്‌ലിമായാലും വിശ്വാസപരമായ കാര്യങ്ങൾ ആചരിക്കാൻ അനുമതി വേണെമെന്നും അദ്ദേഹം പറഞ്ഞു.
keyword : women-entry-in-mosque-suppreme-court-accept-Plea-in-file -Samastha-opposes