വോട്ടെടുപ്പവസാനിക്കാൻ മിനിറ്റുകൾ ബാക്കിയിരിക്കെ യുവാവ് വോട്ടിങ്ങ് യന്ത്രം അടിച്ചു തകർത്തു പോലീസും പോളിങ് ഉദ്യോഗസ്ഥരും നോക്കി നിൽക്കെ കോഴിക്കോടാണ് സംഭവം


കോഴിക്കോട്, (ഏപ്രിൽ 23 2019, www.kumblavartha.com) ● കോഴിക്കോട് ജില്ലയിലെ എടക്കാട് യൂണിയൻ എൽ.പി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ യുവാവ് വോട്ടിങ് മെഷീനും വിവിപാറ്റും അടിച്ച് തകർത്തു. എടക്കാട് യൂണിയൻ എൽ.പി സ്കൂളിലെ 13ാം നമ്പർ ബൂത്തിലാണ് സംഭവം. വൈകിട്ട് ആറ് മണിയോടെ അഞ്ഞൂറോളം ആളുകൾ വോട്ട് ചെയ്യാനായി വരിയിൽ നിൽക്കുമ്പോഴാണ് സംഭവം.
വോട്ട് ചെയ്യാനായി ബൂത്തിൽ കയറിയ യുവാവ് പ്രകോപനങ്ങളൊന്നുമില്ലാതെ വോട്ടിങ് മെഷീനുകൾ അടിച്ചു തകർക്കുകയായിരുന്നു. ഡ്യൂട്ടിയിണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ ഇയാളെ കീഴക്കുകയും പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.
എടക്കാട് കളപ്പുറത്ത് വീട്ടിൽ ആണ്ടിക്കുട്ടി മകൻ പ്രമോദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ വോട്ടിങ് പൂർണമായി നിർത്തിവെച്ചു. കോഴിക്കോട് സബ്കളക്ടർ ഭുവനേശ്വരി ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്.
സാങ്കേതിക വിദഗ്ദർ എത്തി തകർന്ന മെഷീൻ പരിശോധിച്ച ശേഷം പുതിയ മെഷീൻ എത്തിച്ച് വോട്ടിങ് തുടരുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രതിക്ക് മാനസിക രോഗമുള്ളതായി സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി. എന്നാൽ ഇയാൾ മാവോയിസ്റ്റ് അനുഭാവിയാണെന്ന് നാട്ടുകാർ ആരോപിച്ചു.
keyword : voter-destroyed-voting-machine-voting-disturbed-Kozhikod