ടാങ്കർ ലോറി ഓട്ടോയിലിടിച്ച് മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം


മലപ്പുറം, ഏപ്രിൽ 16 , 2019 ●കുമ്പളവാർത്ത.കോം : ഗുഡ്‌സ് ഓട്ടോയിൽ ടാങ്കർ ലോറിയിടിച്ച് മലപ്പുറത്ത് മൂന്ന് ബംഗാൾ സ്വദേശികൾ മരിച്ചു. മലപ്പുറം കൂട്ടിലങ്ങാടിയിലാണ് അപകടം. രണ്ടു പേരുടെ നില ഗുരുതരമാണ്. ബംഗാൾ സ്വദേശികളായ എസ്.കെ. സാദത്ത് (40), എസ്.കെ. സബീർ അലി (41), സെയ്ദുൽ ഖാൻ (37) എന്നിവരാണ് മരിച്ചത്.കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ കൂട്ടിലങ്ങാടി പെട്രോൾ പമ്പിന് മുന്നിലാണ് അപകടമുണ്ടായത്. മംഗലാപുരത്ത് നിന്ന്  വരികയായിരുന്ന ടാങ്കർ ലോറി കോൺക്രീറ്റ് തൊഴിലാളികളെ കയറ്റി പോകുകയായിരുന്ന ഗുഡ്സ് ഓട്ടോയിൽ ഇടിക്കുകയായിരുന്നു.  പെട്രോൾ പമ്പിൽ നിന്ന് ഇന്ധനംനിറച്ച ശേഷം റോഡിലേക്കെടുക്കുന്നതിനിടെയാണ് ഓട്ടോ യിൽ ടാങ്കർ ലോറിയിടിച്ചത്. മൂന്ന് തൊഴിലാളികൾ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. മൃതദേഹങ്ങൾ മലപ്പുറം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
keyword : tanker-lorry-auto-accident-malapuram-three-death