രാഹുൽ ഗാന്ധിയെ ലേസർ തോക്ക് ഉപയോഗിച്ച് അപായപ്പെടുത്താൻ ശ്രമം നടന്നെന്ന് ആഭ്യന്തര മന്ത്രിക്ക് പരാതി


അമേഠി, ഏപ്രിൽ 11 , 2019 ●കുമ്പളവാർത്ത.കോം : നാമനിർദേശപത്രിക സമർപ്പിക്കാനെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് സുരക്ഷ ഒരുക്കുന്നതിൽ വീഴ്ചയെന്ന് ആരോപണം. രാഹുലിന്റെ തലയ്ക്കുനേരെ ലേസർ രശ്മി പലതവണ ഉന്നം പിടിച്ചെന്ന അതീവ ഗുരുതര ആരോപണമാണ് കോൺഗ്രസ് ഉന്നയിച്ചിരിക്കുന്നത്. പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു.

ഗൗരി ഗഞ്ചിൽനിന്ന് 3 കിലോമീറ്റർ റോഡ് ഷോ ആയാണ് രാഹുൽ പത്രിക സമർപ്പിച്ചത്. നാമനിർദേശ പത്രിക സമർപ്പണത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ തലയ്ക്കുനേരേ ലേസർ രശ്മി കൊണ്ട് 7 തവണ ഉന്നം പിടിച്ചെന്നാണ് ആരോപണം. പത്രിക സമർപ്പണത്തിനുശേഷം ജില്ലാ കലക്ടറുടെ ഓഫിസിനു മുന്നിൽ ബുധനാഴ്ച മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു സംഭവം. ചെറിയ ദൈർഘ്യത്തിൽ പല സ്ഥലങ്ങളിലായിട്ടായിരുന്നു അദ്ദേഹത്തെ ലക്ഷ്യമിട്ടതെന്നും കത്തിൽ പറയുന്നു. ക്ഷേത്രദർശനത്തിനിടെ രണ്ടു തവണ അദ്ദേഹത്തിന്റെ തലയ്ക്കു മീതെ ഇങ്ങനെ ലേസർ രശ്‌മി പതിച്ചതായും കോൺഗ്രസ് ആരോപിച്ചു.

വിഷയത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനു 3 മുതിർന്ന കോൺഗ്രസ് നേതാക്കൾ എഴുതിയ കത്ത് പുറത്തുവന്നു. അഹമ്മദ് പട്ടേൽ, ജയറാം രമേശ്, രൺദീപ് സിങ് സുർജേവാല എന്നിവരാണു കത്തിൽ ഒപ്പു വച്ചിരിക്കുന്നത്. മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കൊലപാതകത്തെ കുറിച്ചും കത്തിൽ പരമാർശമുണ്ട്. സംഭവം വിശദമായി അന്വേഷിക്കണമെന്നും നിലവിൽ ഇത്തരം ഭീഷണികൾ ഉണ്ടെങ്കിൽ ഫലപ്രദമായി നടപടിയെടുക്കണമെന്നും കത്തിൽ പറയുന്നു. പ്രോട്ടോക്കോൾ അനുസരിച്ചു കോൺഗ്രസ് അധ്യക്ഷനു നൽകേണ്ട സുരക്ഷയിൽ വീട്ടുവീഴ്ച പാടില്ലെന്നും കത്തിൽ പറയുന്നു.

റോഡ് ഷോയില്‍ രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പം പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാധ്‌രയും മക്കളും ഉണ്ടായിരുന്നു. കോൺഗ്രസിന്റെ ശക്തിപ്രകടനമായിരുന്നു റോഡ് ഷോ. 15 വർഷമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രാഹുലിനെതിരെ രണ്ടാം തവണയാണു സ്മൃതി ഇറാനിയെ ബിജെപി ഇറക്കുന്നത്. 2014ല്‍ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തോടെയായിരുന്നു രാഹുലിന്റെ ജയം. അഞ്ചാം ഘട്ട തിരഞ്ഞെടുപ്പിൽ വരുന്ന അമേഠിയിൽ മേയ് ആറിനാണു വോട്ടെടുപ്പ്. രണ്ടാം മണ്ഡലമായ വയനാട്ടില്‍ അവസാന ദിനമായ ഏപ്രില്‍ നാലിന് രാഹുല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.
keyword : rahul-gandi-laser-gun-attempt-attack-complaint-to-Home-Minister