വേനൽ മഴ സജീവമാകുന്നു; ഈയാഴ്ച സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കും


തിരുവനന്തപുരം, ഏപ്രിൽ 8 , 2019 ●കുമ്പളവാർത്ത.കോം : കേരളത്തില്‍ ഏപ്രില്‍ രണ്ടാം വാരം മുതല്‍ വേനല്‍മഴ സജീവമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം. ഇന്നു മുതല്‍ എല്ലാ ജില്ലകളിലും സാമാന്യം ഭേദപ്പെട്ട മഴക്ക് സാഹചര്യം   ഇടക്കിടക്ക് വൈകിട്ട് ഇടിയോടുകൂടിയ വേനല്‍മഴ പ്രതീക്ഷിക്കാം. മഴക്കൊപ്പം മണിക്കൂറിൽ 40 കി.മി വേഗത്തിലുള്ള കാറ്റും പ്രതീക്ഷിക്കാം.

ഇപ്പോഴത്തെ കാലാവസ്ഥാ സാഹചര്യം

വടക്കന്‍ കര്‍ണാടക മുതല്‍  കന്യാകുമാരി വരെ സമുദ്ര നിരപ്പില്‍ നിന്ന് 0.9 കി.മി ഉയരത്തിലായി നോര്‍ത്ത്-സൗത്ത് ട്രഫ് (ന്യൂനമര്‍ദപാത്തി ) രൂപ്പപെട്ടിട്ടുണ്ട്. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലൂടെ കേരളത്തോട് ചേര്‍ന്നാണ് ഇത് കടന്നു പോകുന്നത്. ഇത് കേരളത്തില്‍ മഴക്ക് സാഹചര്യം ഒരുക്കും. . ഇത് അടുത്ത 48 മണിക്കൂര്‍ തുടരാനാണ് സാധ്യത. കേരളത്തില്‍ നിന്ന് ഏകദേശം 2000-3000 കിലോമീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലുമായി രണ്ട് അതിമര്‍ദ മേഖല( ഹൈപ്രഷര്‍) രൂപപ്പെട്ടിട്ടുണ്ട്. ഇത് ഇത്രയേറെ ദൂരത്തിലായതിനാല്‍ കേരളത്തിലെ മഴമേഘങ്ങളെ ബാധിക്കില്ല.  
ഇന്ന് വൈകിട്ടും രാത്രിയിലുമായി മിക്ക ജില്ലകളിലും വൈകിട്ട് ഇടിയോടുകൂടെ മഴക്ക് സാധ്യത. കോഴിക്കോട്, വയനാട്, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തിയായ മഴ പ്രതീക്ഷിക്കുന്നു. കര്‍ണാടകയുടെ പടിഞ്ഞാറ്-തെക്ക്-പടിഞ്ഞാറ് മേഖല, തമിഴ്‌നാടിൻെറ പശ്ചിമഘട്ട മേഖലയായ നീലഗിരി ജില്ല, ദക്ഷിണ കര്‍ണാടകയിലെ ഹാസന്‍, കൊടക്,  ദക്ഷിണ കേരളത്തിലെ പാല, തൊടുപുഴ, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിലും ഇന്ന് വൈകിട്ട് ശക്തമായ മഴയും ഇടിയും പ്രതീക്ഷിക്കുന്നു. ഇടിമിന്നല്‍ ദുരന്തങ്ങളില്‍ നിന്നും മഴയില്‍ വാഹനം ഓടിക്കുമ്പോഴും ജാഗ്രതപാലിക്കണമെന്ന് കേരളവെതര്‍.ഇന്‍ ജനങ്ങളെ ഉപദേശിക്കുന്നു.
keyword : predicts-rainfall-through-out-the-state-during-this-week