കേരളത്തിൽ ഇന്നും നാളെയും കനത്ത മഴക്ക് സാധ്യത ; മലപ്പുറത്ത് യെല്ലോ അലെർട്ട്


തിരുവനന്തപുരം, ഏപ്രിൽ 18 , 2019 ● കുമ്പളവാർത്ത.കോം : കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്നു നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 60-70 കിലോമീറ്റർ വേഗത വരെ കൈവരിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മലപ്പുറം ജില്ലയിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ശക്തമായ മഴ പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുൾപൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്കു കാരണമാകാൻ സാധ്യതയുള്ളതിനാൽ താഴെ പറയുന്നതു പ്രകാരമുള്ള നടപടികള്‍ ഉടനടി നടപ്പാക്കുവാൻ ദുരന്തനിവാരണ അതോറിറ്റി നിർദേശിക്കുന്നു:

1. മലപ്പുറം, പാലക്കാട്, വയനാട്, കോഴിക്കോട്, തൃശൂർ ജില്ലകളിൽ ഉരുൾപൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (7 pm to 7 am) മലയോരമേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണം.

2. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാൻ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം എന്നു പ്രചാരണം നടത്തുക.

3. മരങ്ങൾക്കു താഴെ വാഹനം പാർക്ക് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം.

4. കുട്ടികൾ വെള്ളക്കെട്ടിലും കുളത്തിലും ചിറകളിലും പുഴകളിലും കളിക്കുന്നത് ഒഴുവാക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം.

ഇടിമിന്നൽ ജാഗ്രത നിർദേശങ്ങൾ

കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന വേനൽ മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 8 മണിവരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ടെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യജീവനും വൈദ്യത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.

സ്ത്രീകളുടെയും കുട്ടികളുടെയും പ്രത്യേക ശ്രദ്ധയ്ക്ക്

∙ ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 8 മണിവരെയുള്ള സമയത്ത് കുട്ടികളെ തുറസായ സ്ഥലത്ത് കളിക്കുന്നതിൽനിന്നും വിലക്കുക.

∙ സ്ത്രീകൾ മഴക്കാർ കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തക്കോ ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 8 മണിവരെയുള്ള സമയത്ത് പോകരുത്

തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപെട്ട പ്രസംഗ വേദികളില്‍ ഇടിമിന്നല്‍ ഉള്ള സമയം നിന്നുകൊണ്ടുള്ള പ്രസംഗം ഒഴിവാക്കുക. പ്രാസംഗികര്‍ ഉയര്‍ന്ന വേദികളില്‍ ഇത്തരം സമയങ്ങളില്‍ നില്‍ക്കാതിരിക്കുകയും, മൈക്ക് ഉപയോഗിക്കാതിരിക്കുകയും ചെയ്യുക.

പൊതു നിര്‍ദേശങ്ങള്‍:

∙ ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടു കഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക.

∙ ഗൃഹോപകരണങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.

∙ ജനലും വാതിലും അടച്ചിടുക

∙ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.

∙ ഫോൺ ഉപയോഗിക്കരുത്‌.

∙ ഇടിമിന്നലുള്ള സമയത്ത്‌ കുളിക്കുന്നത്‌ ഒഴിവാക്കുക.

∙ കഴിയുന്നത്ര ഗൃഹാന്തർ ഭാഗത്ത്‌ ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക.

∙ ഇടിമിന്നലുള്ള സമയത്ത്‌ ടെറസ്സിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.

∙ വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌.

∙ വാഹനത്തിനുള്ളിൽ ആണങ്കിൽ തുറസായ സ്ഥലത്ത്‌ നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.

∙ ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങുവാൻ പാടില്ല.

∙ പട്ടം പറത്തുവാൻ പാടില്ല.

∙ തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.

∙ ഇടിമിന്നലുള്ള സമയം പുറത്ത്‌ അയയിൽ കിടക്കുന്ന നനഞ വസ്ത്രങ്ങൾ എടുക്കാതിരിക്കുക.

∙ ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ്‌ പ്രോട്ടക്ടര്‍ ഘടുപ്പിക്കാം.

∙ മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കഴ്ച്ചയോ കേഴ്‌വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത്‌ പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രധമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത്‌ സെക്കന്റ്‌ സുരക്ഷക്കായിട്ടുള്ള സുവർണ്ണ നിമിഷങ്ങളാണ്‌.

∙ വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോള്‍ തുറസായ സ്ഥലത്തേക്ക് പോകരുത്.
keyword : possibility-heavy-rains-kerala-today-and-tommorow-yellow-alert-malappuram