മുകുന്ദൻ മാഷ് മൊഗ്രാൽ സ്കൂളിന്റെ പടിയിറങ്ങുന്നത് തികഞ്ഞ ചാരിതാർത്ഥ്യത്തോടെ.


മൊഗ്രാൽ, ഏപ്രിൽ 6 , 2019 ●കുമ്പളവാർത്ത.കോം : മൊഗ്രാൽ ഗവൺമെൻറ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിനും, നാട്ടുകാർക്കിടയിലും സുപരിചിതനായ പ്രൈമറി അധ്യാപകൻ മുകുന്ദൻ മാഷ് 28 വർഷത്തെ നീണ്ട സേവനത്തിനുശേഷം മൊഗ്രാൽ സ്കൂളിൽ നിന്ന് പടിയിറങ്ങുന്നത് തികഞ്ഞ ചാരിതാർത്ഥ്യത്തോടെ.

കണ്ണൂർ ജില്ലയിലെ ഇരിക്കൂർ സ്വദേശിയാണ് മുകുന്ദൻ മാഷ്. പി എസ് സി നിയമനം വഴി വയനാട് ജില്ലയിൽ പ്രൈമറി അധ്യാപകനായി ജോലിയിൽ പ്രവേശിച്ച ഉടനെ ട്രാൻസ്ഫറായി മൊഗ്രാൽ സ്കൂളിലെത്തി. ആകെയുള്ള സർവീസിൽ 28 വർഷവും മൊഗ്രാൽ സ്കൂളിൽ ജോലി ചെയ്യാൻ സാധിച്ചതിൽ അതീവ സന്തോഷവാനാണ് മുകുന്ദൻ മാഷ്.

സാംസ്കാരിക മഹിമ കൊണ്ട് സമ്പന്നമായ മൊഗ്രാലിനെയും ഇവിടത്തെ പ്രദേശവാസികളെയും മുകുന്ദൻ മാഷിന് ഏറെ ഇഷ്ടപ്പെട്ടിരുന്നു. മൊഗ്രാലിലെ സന്നദ്ധ, രാഷ്ട്രീയ സംഘടനകളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കാൻ ഈ കാലയളവിൽ മുകുന്ദൻ മാഷിനു സാധിച്ചിരുന്നു. പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾക്ക് ഒഴിച്ചുകൂടാനാവാത്ത ഘടകമായിരുന്നു മുകുന്ദൻ  മാഷ്. അതുപോലെ സ്കൂൾ പി ടി എ,  എസ് എം സി,പൂർവ  വിദ്യാർത്ഥി സംഘടന, ടീച്ചേഴ്സ് യൂണിയൻ ഇവയുടെയൊക്കെ പൂർണ്ണമായ സഹകരണമാണ് ലഭിച്ചതെന്ന് മുകുന്ദൻ മാഷ് ഓർക്കുന്നു. പ്രഗത്ഭരായ അധ്യാപകരുടെ സഹകരണവും പിന്തുണയും കൊണ്ട് 28 വർഷം പോയതറിഞ്ഞില്ലെന്ന്   മുകുന്ദൻ മാഷിന്ടെ  വാക്കുകളിൽ പ്രകടമാണ്.

സ്കൂളിൽ സംഘടിപ്പിച്ച യാത്രയയപ്പ് യോഗം സന്തോഷവും സങ്കടവും കൊണ്ട് ശ്രദ്ധേയമായി. അദ്ധ്യാപകരും പിടിഎയും സന്നദ്ധ സംഘടനകളുമൊക്കെ ഉപഹാരം നൽകാൻ മത്സരിക്കുകയായിരുന്നു. ചടങ്ങിനിടെ അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഫാത്തിമ ഷിസ എന്ന വിദ്യാർത്ഥിനി മുകുന്ദൻ മാഷിന് സമ്മാനിച്ചത് സ്വന്തമായി വരച്ച മാഷിന്റെ  ചിത്രമായിരുന്നു. ഇത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ വിദ്യാർത്ഥിനിയുടെ ക്ലാസ് ടീച്ചറായിരുന്നു മുകുന്ദൻ മാഷ്. മുൻ പിടിഎ പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്മാന്ടെ മകളാണ് ഫാത്തിമ ഷിസ.

ഭാര്യ ശോഭനകുമാരി ബെദ്രഡ്ക  ബെൽ  കമ്പനിയിൽ ജോലി ചെയ്യുന്നു. മക്കളായ അതുൽ എൽബിഎസ് എഞ്ചിനീയറിംഗ്  കോളേജിൽ ബിടെക് വിദ്യാർത്ഥിയും,ആകർഷ് എം ബി ഇ  എം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്. കഴിഞ്ഞ ഇരുപത് വർഷമായി മൊഗ്രാൽ പുത്തൂരിലെ ചൗക്കിയിലാണ് താമസം.

ഫോട്ടോ അടിക്കുറിപ്പ് : മുകുന്ദൻ മാഷിനുള്ള യാത്രയയപ്പ് യോഗത്തിൽ തന്ടെ  ക്ലാസിലെ വിദ്യാർത്ഥിനിയായ ഫാത്തിമ ഷിസ താൻ വരച്ച മാഷിന്ടെ  ചിത്രം ഉപഹാരമായി നൽകുന്നു.
keyword : mukundan-sir-mogral-school-leaving-Perfectly-satisfied